ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ​ ​ഹൈ​പ്പ​ർ​ ​ഓ​ട്ടോ​മേ​ഷ​ൻ​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന്

Sunday 20 June 2021 12:49 AM IST

കൊച്ചി: മഹാമാരികളെ നേരിടാനും ജനങ്ങളുടെ ആരോഗ്യ ഡാറ്റ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ആരോഗ്യ പരിരക്ഷാ മേഖലയിൽ ഹൈപ്പർ ഓട്ടോമേഷൻ നടപ്പാക്കണമെന്ന് വിദഗ്ദ്ധർ. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച വെബിനാറിലാണ് ഈ അഭി​പ്രായമുയർന്നത്. കൊവിഡ് വെല്ലുവിളികൾ മാത്രമല്ല നിരവധി അവസരങ്ങളും തുറന്നു തന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.എസ് .ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം പറഞ്ഞു.

ജനങ്ങളുടെ ആരോഗ്യ ഡാറ്റ കൈകാര്യം ചെയ്യാൻ ഹൈപ്പർ ഓട്ടൊമേഷൻ ഉപയോഗപ്പെടുത്തിയാൽ ഏറെ ഗുണകരമാകും. ആരോഗ്യരംഗത്ത് സാങ്കേതിക വിദ്യയും ആശയങ്ങളും കൊണ്ടുവരുന്ന നിക്ഷേപകരെ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ഇതിനായി സർക്കാർ മുൻകൈ എടുക്കണം. രാജമാണിക്യം പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാൻ വാക്സിനേഷൻ മാത്രമാണ് ഫലപ്രദമായ മാർഗമെന്ന് ഐ.എം.എ സംസ്‌ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയ പറഞ്ഞു.

ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു ആമുഖ പ്രഭാഷണം നടത്തി. ബിസിനസ് സെഷനിൽ ഫിക്കി ഹെൽത്ത് കെയർ കമ്മിറ്റി കോ ചെയർ ബിബു പുന്നൂരാൻ മോഡറേറ്ററായി. അശോക യൂണിവേഴ്‌സിറ്റി പ്രൊഫസർ ഗൗതം മേനോൻ, കിംസ് ഹെൽത്ത് ലിമിറ്റഡ് പകർച്ചവ്യാധി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ.എ. രാജലക്ഷ്മി, തിരുവനന്തപുരം മെഡിക്കൽ കോളേജ് പകർച്ചവ്യാധി വിഭാഗം മേധാവി ഡോ.ആർ. അരവിന്ദ്, ജി.ബി. പന്ത് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ ഡോ. അനിർബൻ ഹോം ചൗധരി, എം.ജി.എം ഹെൽത്ത് കെയർ ഉപദേശക സമിതി അംഗം യു.കെ. അനന്തപദ്മനാഭൻ എന്നിവർ സംസാരിച്ചു. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ-ചെയർ ഡോ. എം.ഐ. സഹദുള്ള സ്വാഗതവും ഫിക്കി സീനിയർ അസി.ഡയറക്ടർ പ്രീതി മേനോൻ നന്ദിയും പറഞ്ഞു.