അന്തരിച്ച പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Sunday 20 June 2021 12:11 PM IST

തിരുവനന്തപുരം: ഇന്നലെ രാത്രി കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർക്ക്(65) കൊവിഡ് സ്ഥിരീകരിച്ചു. കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും സംസ്കാര ചടങ്ങുകൾ. രണ്ടു ദിവസമായി മകനൊപ്പം ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു മോഹനൻ വൈദ്യർ. പനിയും ശ്വാസ തടസവും അദ്ദേഹത്തെ അലട്ടിയിരുന്നതായി ബന്ധുക്കൾ നേരത്തെ അറിയിച്ചിരുന്നു.

കൊവിഡ് വ്യാജ ചികിത്സ നല്‍കിയതിന് വൈദ്യരെ മുൻപ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിനെ ചികിത്സ നടത്തുന്നതില്‍നിന്ന് ആരോഗ്യവകുപ്പ് വിലക്കുകയും ചെയ്തിരുന്നു.നിപ്പാ രോഗമുണ്ടായ സമയത്തും അദ്ദേഹം നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു.