വയോധികയ്ക്ക് മാസ്കില്ലാത്തതിന് പിഴ ഈടാക്കിയെന്ന് ആരോപണം; സെക്ടറൽ മജിസ്ട്രേറ്റ് നടപടിക്കെതിരെ പ്രതിഷേധം, വിശദീകരണവുമായി ഉദ്യോ​ഗസ്ഥർ

Sunday 20 June 2021 3:05 PM IST

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന് വയോധികയെ തടഞ്ഞുവെച്ച് പിഴ ഈടാക്കിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പ്രതിഷേധം. വയോധികയോട് ചോദ്യങ്ങൾ ചോദിക്കുന്നതിന്റെയും നിഷ്കളങ്കമായി അവർ മറുപടി നൽകുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സെക്ടറൽ മജിസ്രേട്ടിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നത്. എന്നാൽ പിഴ ഈടാക്കിയെന്ന പ്രചാരണം തെറ്റാണെന്നും ജാഗ്രത കാണിക്കണമെന്ന നിർദേശം എഴുതി നൽകുകയാണ് ചെയ്തതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

മൂത്തേടം സ്വദേശി അത്തിമണ്ണിൽ അയിഷ എന്ന 85 കാരിയായ വയോധികയ്ക്ക് പിഴ ഈടാക്കി ഉദ്യോഗസ്ഥ രസീത് എഴുതി നൽകിയെന്നാണ് പ്രധാന ആരോപണം. വയോധികയോട് ഉദ്യോ​​ഗസ്ഥർ പേരും വീട്ടുപേരും എല്ലാം ചോദിച്ചറിയുന്നതും പേപ്പറിൽ എന്തോകുറിച്ച് മക്കളെ ഏൽപ്പിക്കാൻ നൽകുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്.

ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കരാർ വാഹനത്തിന്റെ ഡ്രൈവർ ഹംസയാണ് സംഭവം തന്റെ മൊബൈലിൽ പകർത്തിയത്. തന്റെ ഉമ്മയെ പോലെ തോന്നിച്ചതുകൊണ്ടാണ് ഫോട്ടോ മൊബൈലിൽ പകർത്തിയതെന്നാണ് ഡ്രൈവറുടെ വിശദീകരണം. എന്നാൽ വീഡിയോ പ്രചരിച്ച സാഹചര്യം ഉണ്ടാക്കിയതിൽ കൂടുതൽ നടപടികളുണ്ടാകുമെന്നാണ് സൂചന.