ഇങ്ങനെ ഓടിച്ചിട്ട് എന്തു കാര്യം ?

Monday 21 June 2021 12:02 AM IST

 നിരത്തിലിറങ്ങുന്ന ബസ്സുകൾ 10 % മാത്രം

 ഇന്ധനച്ചെലവ് ഒപ്പിക്കാൻ തന്നെ വിഷമം

കോഴിക്കോട്: ഒറ്റയ്ക്കും ഇരട്ടയ്ക്കും ഒരേ ദിവസഫലം തന്നെ. വരുമാനം ഇന്ധനച്ചെലവിന് ഒപ്പമെത്തിയാലായി!. ഡ്രൈവർക്കും കണ്ടക്ടർക്കും കൊടുക്കാൻ വക വേറെ കാണണം. നഷ്ടക്കണക്ക് കൂട്ടാനല്ലാതെ ഇങ്ങനെ ഓടിച്ചിട്ട് എന്തു കാര്യം?. എത്ര നാൾ ഓടിക്കാൻ കഴിയും ഇത്തരത്തിൽ?. നല്ല നാളെ ഇനി എപ്പോഴെന്നറിയാതെ സ്വകാര്യ ബസ് ഉടമകൾ ചോദ്യങ്ങളുയർത്തുകയാണ്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരു വിധം നീക്കിക്കിട്ടിയെങ്കിലും ജില്ലയിൽ പകുതിയോളം ബസ്സുകൾ ഇപ്പോഴും കട്ടപ്പുറത്താണ്. കഴിഞ്ഞ വർഷം കയറ്റിയിട്ട ബസ്സുകളുമുണ്ട് കൂട്ടത്തിൽ.
രജിസ്‌ട്രേഷൻ നമ്പർ ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന ബസ്സുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താമെന്നാണ് വ്യവസ്ഥ. പക്ഷേ, ഇവയിൽ തന്നെ ഓടുന്നത് പത്ത് ശതമാനം മാത്രം.

കൊവിഡ് വ്യാപനത്തിനു മുമ്പ് ജില്ലയിൽ ഏതാണ്ട് 1260 സ്വകാര്യ ബസുകൾ ഓടിയിരുന്നു. ഒന്നാം തരംഗത്തിന് ശേഷം അത് 400 എന്ന നിലയിലേക്ക് ഒതുങ്ങി. ഇപ്പോഴാകട്ടെ 40 തികഞ്ഞാലായി എന്ന അവസ്ഥയും.

ശരാശരി ഒരു ദിവസം 60 ലിറ്റർ ഡീസലടിക്കേണ്ടി വരുമ്പോൾ ഇന്നത്തെ നിരക്കിൽ അതിനു മാത്രം 5592 രൂപ വേണം. ഓട്ടത്തിലൂടെ കിട്ടുക 5000 മുതൽ 6000 രൂപ വരെ മാത്രം. ഡ്രൈവർക്കും കണ്ടക്ടർക്കും 1000 രൂപ വച്ചപ കൊടുക്കുന്നത് 700 രൂപയായിയിട്ടുണ്ട്. അത് കൈയിൽ നിന്നു എടുത്തു കൊടുക്കണ്ടേ ... ഇങ്ങനെ തുടരാനാവുമോ ?. ചാർജ്ജ് കൂട്ടാതെ, കൂടുതൽ ആളെ കയറ്റാനാവാതെ പിടിച്ചുനിൽക്കാനാവില്ലല്ലോ... ഒരു ബസ്സിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞുവന്ന ഉടമകളിലൊരാൾ പറയുന്നു.

 20 കഴിഞ്ഞാൽ ആക്രി

പുതിയ ഒരു ബസിന് ഏതാണ്ട് 30 ലക്ഷം രൂപ വരും. ഇന്റീരിയർ പണി 40 മുതൽ 42 ലക്ഷം രൂപ വരെയാകും ചെലവ്. വെറും 20 വർഷം പൂർത്തിയായാൽ അത് പിന്നെ ആക്രിയായി ഒഴിവാക്കണമെന്നാണ്. ഇപ്പോൾ ആ പഴക്കത്തിലെത്തിയ വണ്ടികൾക്ക് ഓട്ടം പോയ ഒരു വർഷത്തിലേറെ പോയതു തന്നെയല്ലേ... കൊവിഡ് ലോക്ക് ഡൗൺ കാരണം സർവീസ് മുടങ്ങിയ ഈ ഒരു വർഷത്തിലേറെ കാലം വകവെച്ചു കിട്ടാൻ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വേണമെന്ന ആവശ്യമാണ് ബസ്സുടമകളുടേത്.

''മിനിമം ചാർജ് അവസാനമായി വർദ്ധിപ്പിച്ചത് ഡീസൽ വില ലിറ്ററിന് 72 രൂപയായിരുന്നപ്പോഴാണ്. ഇപ്പോൾ അത് 94 രൂപയിലേക്ക് എത്തിയിട്ടും ചാർജ് കൂട്ടിയിട്ടില്ല. താത്കാലിക ചാർജ് വർദ്ധനയെങ്കിലും നടപ്പാക്കണം. ഒന്നര വർഷത്തോളമായി സർവീസ് മുടങ്ങിയ വണ്ടികൾക്ക് കാലാവധിയിലേക്ക് അതു കൂടി വകവെച്ച് നൽകണം.

കെ. രാധാകൃഷ്ണൻ,

ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി

Advertisement
Advertisement