'ഷെയർ ചെയ്താൽ പാർട്ടി വിരുദ്ധമായിപ്പോകുമോ എന്ന് സിപിഎം അണികളും അനുകൂലികളും പേടിക്കുന്നു'; കെകെ ശൈലജ ടീച്ചറെ അവഗണിക്കുന്നുവെന്ന് കുറിപ്പ്

Sunday 20 June 2021 10:33 PM IST

വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്കാരം നേടിയ മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് അർഹിക്കുന്ന പ്രശംസ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ്. ഐഐടി മദ്രാസിലെ ഗവേഷണ വിദ്യാർത്ഥിയായ വിജു ചെറുകുന്നാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയാ കുറിപ്പുമായി രംഗത്തുവന്നത്. പാർട്ടി വിരുദ്ധമായി പോകുമോ എന്ന പേടികൊണ്ട് സിപിഎം അനുകൂലികളും അണികളും വാർത്ത ഷെയർ ചെയ്യാൻ പോലും മടികാട്ടുകയാണെന്നും അത് ആത്മവഞ്ചനാപരമാണെന്നും വിജു വിമർശിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

'ആത്മവഞ്ചനയുടെ മലയാളി മൗനം
..........................


കെ.കെ.ശൈലജ എം.എല്‍.എ ഇപ്പോള്‍ ആരോഗ്യമന്ത്രിയായിരുന്നുവെങ്കില്‍ ഫേസ്ബുക്ക് ഷെയറുകളായും വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകളായും നിറയുകയും സി.പി.എം പി.ആര്‍-ജേണലിസ്റ്റുകള്‍ സ്തുതിഗീതങ്ങള്‍ പാടുകയും ചെയ്യേണ്ട വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍, ഈ വാര്‍ത്ത ഷെയര്‍ ചെയ്താല്‍ പാര്‍ട്ടി വിരുദ്ധമായിപ്പോകുമോ എന്നുപേടിച്ച് അങ്ങനെ ചെയ്യാന്‍ മടിക്കുന്ന ആളുകളായി സി.പി.എം അണികളും അനുഭാവികളും മാറിയിരിക്കുന്നു.

ഇതില്‍ വളരെ പ്രകടമായൊരു ആത്മവഞ്ചനയുണ്ട്.

നമുക്ക് ശരിയാണെന്ന് തോന്നുന്ന ഒരുകാര്യം ചെയ്യാന്‍ പറ്റാത്ത, അവനവനോട് തന്നെ സത്യസന്ധനാകാന്‍ പറ്റാത്ത വിഭാഗമായി സി.പി.എം കേന്ദ്രിത മലയാളികള്‍ മാറിയിരിക്കുന്നുവെന്നത് ദയനീയമാണ്. ഒരാള്‍ പദവികളില്‍ നിന്ന് ഇല്ലാതാവുന്നതോടെ അവര്‍ക്ക് എക്‌സിസ്റ്റന്‍സ് തന്നെ ഇല്ലാതാവുന്നു എന്ന തരത്തിലുള്ള മനോഭാവം വളരെ അപകടകരവുമാണ്.

ഇത് കെ.കെ.ശൈലജയുടെ കാര്യത്തില്‍ മാത്രമല്ല, അവനവനെ സംബന്ധിക്കുന്ന കാര്യത്തില്‍ പോലും തെറ്റുണ്ടെന്ന് കണ്ടാല്‍, അത് പാര്‍ട്ടിയെ ബാധിക്കുമോ എന്ന് പേടിച്ച് മിണ്ടാതിരിക്കുന്ന ബുദ്ധിജീവികളും വിദ്യാസമ്പന്നരും ഉള്ള നാടാണിത്. സമകാലിക മലയാളിയുടെ രാഷ്ട്രീയത്തെയും മനോഭാവത്തെയും മനസിലാക്കാന്‍ ഈ ആത്മവഞ്ചനയുടെ സ്വഭാവം കൂടി മനസിലാക്കണം. രണ്ടുനാലുദിനം കൊണ്ടൊരുത്തനെ വാഷിങ്ഷണ്‍ പോസ്റ്റിലെത്തിക്കുന്നതും ആസ്‌ട്രേലിയന്‍ സ്‌റ്റോക് എക്‌സേഞ്ചിലെത്തിക്കുന്നതും ഭവാന്‍, പത്രത്തിലെ ഒറ്റക്കോളത്തിലൊതുക്കുന്നതും ഭവാന്‍.'

Advertisement
Advertisement