ഇന്ധനവില കൂടുന്തോറും സൈക്കിൾ ആഞ്ഞുചവിട്ടി മുൻ വിദ്യാഭ്യാസ മന്ത്രി

Sunday 20 June 2021 11:51 PM IST

തൃശൂർ അരണാട്ടുകരയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് തന്റെ സൈക്കിളിൽ മടങ്ങുന്ന മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്.

തൃശൂർ: ഇന്ധനവിലയ്ക്ക് തീപിടിക്കുമ്പോൾ നിശബ്ദ പ്രതിഷേധവും മാതൃകയുമായി വീണ്ടും സൈക്കിൾ ചവിട്ടുകയാണ് മുൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. പ്രീഡിഗ്രി വിദ്യാർത്ഥികൾ അടക്കം കിടിലൻ ബൈക്കുകളിൽ ചീറിപ്പാഞ്ഞ് കാമ്പസിലെത്തുമ്പോഴും സൈക്കിളിലായിരുന്നു ഈ അദ്ധ്യാപകന്റെ വരവ്.

ഇന്നലെ തൃശൂർ കോർപറേഷനിലെ അരണാട്ടുകര ഡിവിഷനിലുളള 100 വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐ തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ ചെയ്യുന്ന ചടങ്ങിന്റെ ഉദ്ഘാടനത്തിന് മാഷ് എത്തിയതും സ്വന്തം സൈക്കിളിൽ. മരുന്നു വാങ്ങാനും നഗരത്തിലെ ചടങ്ങുകൾക്കും കാനാട്ടുകരയിലെ വീട്ടിൽ നിന്ന് സൈക്കിൾ ചവിട്ടിയെത്തുന്നുണ്ട് അദ്ദേഹം. കഴിഞ്ഞയാഴ്ചയാണ് സൈക്കിൾ വാങ്ങിയത്.
പെട്രോളും ഡീസലും ഇല്ലാതാകുമെന്നും സൈക്കിൾ സവാരിയിലൂടെ ആരോഗ്യവും ഇന്ധനവും കാക്കണമെന്നും അദ്ദേഹം വർഷങ്ങൾക്കുമുൻപേ പറഞ്ഞിട്ടുണ്ട്. ഹൈസ്‌കൂൾ കാലം മുതൽ സൈക്കിൾ സവാരി തുടങ്ങിയതാണ്. എം.എൽ.എയും മന്ത്രിയുമായപ്പോൾ അതിന് കഴിയാതായി. തൃശൂർ സെന്റ് തോമസിലായിരുന്നു പഠനം- ഏഴുകൊല്ലം. അദ്ധ്യാപകനായതും അവിടെത്തന്നെ- 26 കൊല്ലം. രസതന്ത്രത്തിന്റെ സങ്കീർണ്ണമായ കെട്ടുകളഴിച്ച് രസച്ചരട് പൊട്ടാതെ നിത്യജീവിതം ചൂണ്ടിക്കാട്ടിയാണ് മാഷ് പഠിപ്പിച്ചത്. വിശ്രമജീവിതത്തിൽ കേരളത്തിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ വിദ്യാഭ്യാസരംഗത്തെക്കുറിച്ച് ഒരു പുസ്തകം പൂർത്തിയാക്കി. ഇനി സുസ്ഥിരവികസനം സംബന്ധിച്ച പുസ്തകമാണ് എഴുതുന്നത്.

'' സൈക്കിൾ സവാരി ഒരു സംസ്‌കാരമായി മാറേണ്ടതുണ്ട്. സൈക്കിൾ ആരോഗ്യവും കാത്തുസൂക്ഷിക്കും. എല്ലാ വാഹനങ്ങളും നമ്മളെയും കൊണ്ട് പോകുമ്പോൾ സൈക്കിളിനെ നമ്മൾ കൊണ്ടുപോകുന്നുവെന്ന പ്രത്യേകതയുമുണ്ട് ''

- പ്രൊഫ.സി. രവീന്ദ്രനാഥ്.

Advertisement
Advertisement