ഇതാവണമെടാ, ജർമ്മനി

Monday 21 June 2021 12:36 AM IST

'' ഇവിടെയങ്ങനെ വൺമാൻ ഷോ ഒന്നുമില്ല, എല്ലാവരുംകൂടിച്ചേർന്നൊരു ഷോയാണ്..." കഴിഞ്ഞ രാത്രി യൂറോകപ്പിൽ പോർച്ചുഗലിനെ തവിടുപൊടിയാക്കിയപ്പോൾ ജർമ്മൻ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റ ജർമ്മനിക്ക് ക്രിസ്റ്റ്യാനോയുടെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകുമോ എന്ന് സംശയിച്ചവർക്കുള്ള മറുപടി.

മത്സരത്തിൽ പിറന്ന ആറിൽ നാലുഗോളുകളും അടിച്ചത് പറങ്കികളാണെങ്കിലും ജയിച്ചത് ജർമ്മനിയാണ്.ക്രിസ്റ്റ്യാനോയുടെ അസാദ്ധ്യഗോളിലൂടെ ആദ്യം മുന്നിലെത്തിയശേഷം പോർച്ചുഗൽ സമ്മാനിച്ച രണ്ട് സെൽഫ് ഗോളുകളും രണ്ടാം പകുതിയിലെ ഗോസെൻസിന്റെ ഇരട്ടഗോളുകളുമാണ് ജർമ്മനിയെ ജർമ്മനിയാക്കിയ ജയം നൽകിയത്. ഹമ്മൽസിന്റെ സെൽഫ് ഗോളിൽ ഫ്രാൻസിനോട് ചമ്മിപ്പോയ ജർമ്മനിക്ക് ഒന്നല്ല രണ്ട് സെൽഫ് ഗോളുകൾ തിരിച്ചുകിട്ടിയത് കളിയുടെ കൗതുകം.

എന്നാൽ സെൽഫ് ഗോളുകൾക്കുമപ്പുറത്ത് ജർമ്മൻ ആക്രമണത്തിന്റെ വിജയമാണ് മ്യൂണിക്കിൽ കണ്ടത്. ആദ്യ കളിയിൽ മുറിവേറ്റ ജർമ്മനി തുടക്കം മുതൽ മുരളുകയായിരുന്നു. കളിയുടെ ഗതിക്ക് വിപരീതമായാണ് ക്രിസ്റ്റ്യാനോ കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടിയത്. എന്നാൽ തുടർച്ചയായി കൂട്ടത്തോടെ ജർമ്മനി അറ്റാക്ക് ചെയ്തതോടെ പോർച്ചുഗൽ പരുങ്ങലിലായി. മറ്റൊന്നും ചെയ്യാനാകാത്ത ടൈറ്റ് ആംഗിളുകളിലാണ് സെൽഫ് ഗോളുകൾ പിറന്നത്. സെൽഫായി രേഖപ്പെടുത്തപ്പെട്ടെങ്കിലും അവയ്ക്ക് പിന്നിലെ ജർമ്മൻ അദ്ധ്വാനം മറച്ചുവയ്ക്കാനാവില്ല. ഇത്തരം വിജയങ്ങളാണ് ജർമ്മനിയിൽ നിന്ന് ആരാധകരും പ്രതീക്ഷിക്കുന്നത്. തുടർച്ചയായി ഗോളുകൾ അടിച്ചുകൂട്ടാൻ കഴിയുന്ന, ഒത്തിണക്കത്തിന്റെ ജർമ്മൻ എൻജിനീയറിംഗ് ഈ ടീമിനൊപ്പമുള്ള തന്റെ അവസാന യൂറോകപ്പിൽ പരിശീലകൻ യൊവാക്വിം ലോയ്‌വിന്റെ പടയിൽ നിന്ന് പുറത്തുവരുമ്പോൾ ആരാധകർ പറയുന്നതും അതുതന്നെ, ഇതാവണമെടാ,ജർമ്മനി !.

Advertisement
Advertisement