വ്യാപന ഉറവിടം വീട്

Monday 21 June 2021 1:09 AM IST

 കൊവിഡ് രോഗികളെ ഡി.സി.സികളിലേയ്ക്ക് മാറ്റും

കൊല്ലം: ഒന്നിലധികം ടോയ്‌ലെറ്റുകളും കിടപ്പുമുറികളും ഇല്ലാത്ത വീടുകളിലെ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ ഡൊമിസലിയറി കെയർ സെന്ററുകളിലേക്ക് മാറണമെന്ന സർക്കാർ നിർദ്ദേശം ജില്ലയിൽ കൂടുതൽ കർശനമാക്കുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്ന തരത്തിൽ വീടിനുള്ളിൽ നിന്നുള്ള വ്യാപനം ശക്തമായ സാഹചര്യത്തിലാണ് പുതിയ നീക്കം. ഇപ്പോൾ കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ ആറുപത് ശതമാനത്തോളം പേരുടെയും രോഗബാധയുടെ ഉറവിടം വീടുകളാണെന്നാണ് നിഗമനം.

ഒന്നാം വ്യാപന കാലത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ കുടുംബങ്ങളിൽ വ്യാപകമായി രോഗം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കുടുംബാംഗങ്ങളെല്ലാം രോഗബാധിതരാവുകയാണ്. ലോക്ക്ഡൗൺ നീട്ടിയിട്ടും രോഗവ്യാപനം വേഗത്തിൽ കുറയാതിരുന്നതിന്റെ കാരണമിതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

കൊവിഡ് ബാധിതർക്ക് മാത്രമായി കഴിയാൻ കിടപ്പുമുറിയും ഉപയോഗിക്കാൻ പ്രത്യേകം ടോയ്‌ലെറ്റും ഇല്ലാത്ത വീടുകളിലുള്ളവരെയാകും ഡി.സി.സികളിലേക്ക് മാറ്റുക.

നിയന്ത്രണം വീണ്ടും ശക്തമാക്കി

കൊവിഡ് രണ്ടാം തരംഗത്തിൽ വിറച്ച ജില്ലയിൽ ലോക്ക് ഡൗണിന് ശേഷവും രോഗബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണം വീണ്ടും ശക്തമാക്കുന്നത്. അസൗകര്യങ്ങളിൽ കഴിയുന്ന രോഗികളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഡി.സി.സികളിലേയ്ക്ക് മാറ്റിത്തുടങ്ങിയത്. വരും ദിവസങ്ങളിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കും.

കരുതലോടെ ഡി.സി.സികൾ

1. ഡി.സി.സികളിലേയ്ക്ക് മാറ്റുന്നത് വീട്ടിലെ സൗകര്യങ്ങൾ വിലയിരുത്തി

2. ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിനും

3. അത്യാവശ്യഘട്ടങ്ങളിൽ പൊലീസും ഇടപെടും

4. ഡി.സി.സികളിൽ ഒരു കെയർ ടേക്കർ പൂർണസമയം ഉണ്ടാകും

5. എല്ലാ ദിവസവും ഡോക്ടർമാരുടെ സേവനം

6. രോഗികളുടെ ആരോഗ്യനില വഷളായാൽ അടിയന്തര സേവനം

ജില്ലയിലെ ഡി.സി.സികൾ: 80

ആകെ കിടക്കകൾ: 5,059

നിലവിൽ കഴിയുന്നവർ: 1,369

''

60 ശതമാനം വ്യാപന ഉറവിടം വീടുകളാണ്. സൗകര്യമില്ലാത്ത വീടുകളിൽ കഴിയുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ ഡി.സി.സികളിലേയ്ക്ക് മാറണം.

ആരോഗ്യവകുപ്പ്

Advertisement
Advertisement