ഡിജിറ്റൽ സേവനത്തിൽ മുന്നിൽ കെ.എസ്.ഇ.ബി

Monday 21 June 2021 2:33 AM IST

തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതികത ഉപയോഗിച്ച് സേവനങ്ങൾ സുഗമമാക്കിയ സർക്കാർ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി മുന്നിൽ.

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളെ കുറിച്ച് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ (കെ.എസ്‌.ഐ.ഡി.സി) നടത്തിയ സർവേയിലാണ് ഇൗ കണ്ടെത്തൽ.

1912ൽ വിളിച്ചറിയിച്ചുള്ള 'സേവനങ്ങൾ വാതിൽപ്പടിയിൽ' പദ്ധതി, സെക്ഷൻ ഓഫീസ് സന്ദർശനത്തിന് മുൻകൂട്ടി സമയം നിശ്ചയിക്കാൻ ഇ-സമയം, ഉപഭോക്താക്കൾക്ക് തന്നെ ചെയ്യാവുന്ന സെൽഫ് മീറ്റർ റീഡിംഗ്, കണക്ഷൻ നടപടി ലഘൂകരിക്കൽ തുടങ്ങിയ പരിഷ്ക്കരണങ്ങളാണ് കെ.എസ്.ഇ.ബി.യെ മുന്നിലെത്തിച്ചത്. 100ൽ 85 പോയിന്റാണ് കെ.എസ്.ഇ.ബി.ക്ക് ലഭിച്ചത്.

ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തു. കെ.എസ്.ഇ.ബി ജീവനക്കാരെ വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി അഭിനന്ദിച്ചു.

Advertisement
Advertisement