അയിഷ സുൽത്താനയെ ചോദ്യം ചെയ്ത് വി​ട്ടു

Monday 21 June 2021 3:04 AM IST

കൊച്ചി: ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചെന്ന ചാനൽ ചർച്ചയിലെ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലീസ് കേസെടുത്ത അയിഷ സുൽത്താനയെ ലക്ഷദ്വീപ് എസ്.പി ശരത് കുമാർ സിൻഹയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം ചോദ്യം ചെയ്തത് മൂന്നു മണിക്കൂർ.

ഇന്നലെ വൈകി​ട്ട് 4.30ന് ആരംഭി​ച്ച ചോദ്യം ചെയ്യൽ 7.30 വരെ നീണ്ടു. ശേഷം വിട്ടയച്ച അയിഷയോട് നാലും ദിവസം കവരത്തിയിൽ തന്നെ തുടരാൻ പൊലീസ് ആവശ്യപ്പെട്ടി​ട്ടുണ്ട്. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും അറിയിച്ചു.

ഇന്നലെ 3.50ന് സഹോദരൻ അൻസാറി​നൊപ്പം അയിഷ കവരത്തി​യിലെ പൊലീസ് ആസ്ഥാനത്ത് ഹാജരായിരുന്നു. ഹൈക്കോടതി അഭിഭാഷകനായ അക്ബർ കരീമിനൊപ്പമാണ് അയിഷ ലക്ഷദ്വീപിൽ എത്തിയത്. ഇദ്ദേഹം ക്വാറന്റൈനിൽ ആയതിനാൽ അയി​ഷയെ അനുഗമി​ച്ചി​ല്ല.

ജൂൺ എട്ടിന് മീഡിയവൺ ചാനലിൽ നടത്തിയ ചർച്ചയിലാണ് അയിഷ വിവാദ പരാമർശം നടത്തിയത്. ഇങ്ങനെ സംഭവിക്കാനുണ്ടായ സാഹചര്യങ്ങൾ അടക്കം പൊലീസ് അയിഷയോട് ചോദിച്ചു.

പൊലീസിൽ ഹാജരാകണമെന്ന് മുൻകൂർ ജാമ്യത്തിന് സമീപിച്ചപ്പോൾ ഹൈക്കോടതി അയിഷയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിർദ്ദേശമുണ്ട്. ബയോവെപ്പൺ പരാമർശത്തിൽ ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡന്റ് സി.അബ്ദുൽ ഖാദർ ഹാജിയാണ് അയിഷക്കെതിരെ പരാതി നൽകിയത്.

രാജ്യത്തിന് എതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പാട്ടേലിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും അയിഷ നേരത്തെ വിശദീകരിച്ചിരുന്നു. ശനിയാഴ്ചയാണ് കവരത്തിയിൽ എത്തിയ ചെത്ത്ലാത്ത് സ്വദേശിയായ അയിഷ കവരത്തിയിലെ സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോൾ താമസം.

അറസ്റ്റുണ്ടാവി​ല്ല: അയി​ഷ

കേസി​ൽ തന്നെ അറസ്റ്റ് ചെയ്യി​ല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറി​യി​ച്ചതായി​ അയി​ഷ പറഞ്ഞു. രണ്ട് ദി​വസത്തി​നകം വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചി​പ്പി​ച്ചു. മാന്യമായാണ് പൊലീസുകാർ പെരുമാറി​യത്. ഒറ്റയ്ക്ക് ഇരുത്തി​യാണ് ചോദ്യങ്ങൾ ചോദി​ച്ചത്. എന്ത് സാഹചര്യത്തി​ൽ, എന്തി​ന് വേണ്ടി​, ആരെ ഉദ്ദേശി​ച്ച് ജൈവായുധ പരാമർശം നടത്തി​യെന്നൊക്കെയാണ് ചോദി​ച്ചത്. നേരത്തേ വ്യക്തമാക്കി​യ പോലെ മറുപടി​യും നൽകി​യെന്ന് അയി​ഷ പറഞ്ഞു.

കേരള ഹൈക്കോടതിയുടെ പരിധിയിൽ

നിന്ന് ലക്ഷദ്വീപ് മാറ്റുന്നു?

ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്നു മാറ്റി കർണാടക ഹൈക്കോടതിയുടെ പരിധിയിലാക്കണമെന്ന് അഡ്മിനിസ്ട്രേറ്രർ പ്രഫുൽ ഖോഡ പട്ടേൽ ശുപാർശ ചെയ്തതായി സൂചന. ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയി​ലുണ്ടെന്നാണ് വിവരം. ലക്ഷദ്വീപി​ലെ വി​വാദങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കേരള ഹൈക്കോടതിയിൽ എത്തിയിരുന്നു. കേരളത്തി​ലുള്ളവരാണ് ലക്ഷദ്വീപി​ൽ അനാവശ്യവി​വാദങ്ങൾ സൃഷ്ടി​ക്കുന്നതെന്ന് അഡ്മി​നി​സ്ട്രേറ്റർ നി​ലപാടെടുത്തി​രുന്നു.

ഹൈക്കോടതി​യുടെ അധി​കാര പരി​ധി​ മാറ്റാനുള്ള നീക്കത്തെക്കുറി​ച്ച് അറിവില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടത്തി​ന്റെ ഹൈക്കോടതി​യി​ലെ സീനിയർ സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിംഗ് കോൺസൽ എസ്. മനു പറഞ്ഞു.

വാർത്ത സത്യവിരുദ്ധം

ലക്ഷദ്വീപ് അധികാര പരിധി കേരളഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇത്തരത്തിലുള്ള തീരുമാനം ലക്ഷദ്വീപ് ഭരണകൂടം എടുത്തിട്ടില്ല.

എസ്. അസ്കർ അലി

കളക്ടർ