ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല, ജീവനക്കാർക്ക് ശമ്പളം നൽകാൻ കാണിക്കയായി ലഭിച്ച സ്വ‌‌ർണവും വെള്ളിയും ബോണ്ടാക്കാനൊരുങ്ങി ദേവസ്വം ബോർഡ്

Monday 21 June 2021 9:01 AM IST

തിരുവനന്തപുരം: കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ തിരുവിതാംകൂർ ദേവസ്വം ബോ‌ർഡ് തങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികൾ റിസർവ് ബാങ്ക് ബോണ്ടിൽ നിക്ഷേപിക്കാൻ ആലോചിക്കുന്നു. ഇതിൽ നിന്ന് കിട്ടുന്ന പലിശ എടുത്ത് തത്കാലം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമം. ഉരുപ്പടികളുടെ മൂല്യത്തിന്റെ രണ്ടു ശതമാനത്തോളം പലിശയായി ലഭിക്കും. സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ഉരുപ്പടികളുടെ കണക്കെടുപ്പ് പൂർത്തിയാകുന്നതായി ബോർ‌ഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. ഹൈക്കോടതിയുടെ അനുമതിയോടെയാവും പരമ്പരാഗത തിരുവാഭരണങ്ങൾ, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെ, ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത ഉരുപ്പടികൾ ബോണ്ടാക്കുക.

ക്ഷേത്രങ്ങൾ തുറക്കാനാവാത്തതുമൂലം 2020 മാർച്ച് മുതൽ ഇതുവരെ ബോർഡിന് 600 കോടിയോളം രൂപയാണ് വരുമാന നഷ്ടം. ശമ്പളവും പെൻഷനും മുടങ്ങാനുള്ള സാദ്ധ്യതയുമുണ്ട്. ഇപ്പോൾ ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു കൊടുക്കുന്നില്ലെങ്കിലും നിത്യപൂജകൾ നടക്കുന്നുണ്ട്. ബോർഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങൾ അടഞ്ഞു കിടക്കുന്നു. 5500 ഓളം ജീവനക്കാരുണ്ട്. ഒരു മാസം ശമ്പളത്തിനും പെൻഷനുമായി 40 കോടിയോളം വേണം. നിത്യപൂജയ്‌ക്കും മറ്റുമായി 10 കോടിയോളം രൂപയും. പ്രധാന വരുമാന സ്രോതസായ ശബരിമലയിലെ വരുമാനം മുടങ്ങിയതാണ് ബോ‌‌ർഡിന് തിരിച്ചടിയായത്.

അടിയന്തര സഹായമായി സർക്കാരിനോട് നൂറ് കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്നതിനനുസരിച്ചാകും ശമ്പളത്തിന്റെയും പെൻഷന്റെയും കാര്യത്തിൽ തീരുമാനമുണ്ടാകുക. സ്വർണ നിക്ഷേപത്തിനായി കോടതിയുടെ അനുവാദം നേടിയ ശേഷം സർക്കാരിനെ അറിയിക്കും. അടിയന്തര സഹായം ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

- ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു