ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനം ടീമിൽ പോലും ഇല്ലാത്ത ദിനേഷ് കാർത്തിക്കിന്റെ വക

Monday 21 June 2021 9:56 AM IST

സതാംപ്ടൺ: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ പതറുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് പോകേണ്ടി വന്ന ഇന്ത്യ 217 റണ്ണിന് ആൾഔട്ടായിരുന്നു. മറുപടി ബാറ്റിംഗിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് 101 റൺ എടുത്തു. 116 റണ്ണിന് പിന്നിലാണ് അവർ ഇപ്പോൾ. ഡ്യൂക്ക് പന്തിന്റെ സിംഗിനു മുന്നിൽ ഇന്ത്യൻ താരങ്ങളുടെ അടി പതറിയപ്പോൾ വളരെ അനായാസമായി ഈ പന്തുകളെ കിവീ ബാറ്റ്സ്മാന്മാർ നേരിടുന്ന കാഴ്ചയാണ് സതാംപ്ടണിൽ കണ്ടത്.

എന്നാൽ ടീമിൽ കളിക്കുന്ന എല്ലാ ഇന്ത്യൻ താരങ്ങളിലും വച്ച് ആരാധകരുടെ ഇഷ്ടം സമ്പാദിച്ചിരിക്കുന്നത് ടീമിൽ പോലും ഇടം ലഭിക്കാത്ത ദിനേഷ് കാർത്തിക്കാണ്. സാധാരണഗതിയിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻതാരങ്ങളെയാണ് കമന്ററി പാനലിലേക്ക് തിരഞ്ഞെടുക്കുക. എന്നാൽ ഇപ്പോഴും ക്രിക്കറ്റിൽ സജീവമായ കാർത്തിക്ക് കമന്ററി പാനലിൽ എത്തിയത് പല കൗതുകങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്. 2003 ലോക കപ്പിൽ വി വി എസ് ലക്ഷ്മണിനെ കമന്ററി പാനലിൽ ഉൾപ്പെടുത്തിയതിനോടാണ് ചിലർ ഈ നീക്കത്തെ ഉപമിക്കുന്നത്.

എന്നാൽ കമന്ററി പാനലിൽ വളരെ മികച്ച പ്രകടനം തന്നെയാണ് കാ‌ത്തിക്ക് നടത്തുന്നത്. ആദ്യ ദിവസം ഒരു പന്ത് പോലും എറിയാതെ മഴമൂലം മത്സരം മാറ്റി വച്ചപ്പോൾ രണ്ടാം ദിനവും കളി നടക്കുമെന്ന പ്രതീക്ഷ പലർക്കും ഇല്ലായിരുന്നു. എന്നാൽ കളി നടക്കുമെന്ന് രാവിലെ തന്നെ കാർത്തിക്ക് ട്വീറ്റ് ചെയ്തിരുന്നു.

രോഹിത്ത് ശർമ്മയും ചേതേശ്വർ പൂജാരയും നന്നായി തന്നെ ന്യൂസിലാൻ‌ഡ് ബൗളർമാരെ നേരിടുന്നു എന്ന് തോന്നിച്ചപ്പോഴും, അവർ ചെയ്യുന്ന പിഴവ് കാർത്തിക്ക് കമന്ററി ബോക്സിൽ നിന്ന് ചൂണ്ടികാണിച്ചിരുന്നു. ആ പിഴവ് ഇരുവരും പുറത്താകുന്നതിന് കാരണമായി തീരാം എന്നും പറഞ്ഞു. കാർത്തിക്ക് ഈ അഭിപ്രായം പറഞ്ഞ് കുറച്ചു സമയത്തിനകം ഇരുവരും കാർത്തിക്ക് പറഞ്ഞ അതേ രീതിയിൽ തന്നെ പുറത്തായി.