പ്ലസ് വൺ പരീക്ഷ റദ്ദാക്കണം; ഹർജിയിൽ സർക്കാർ നിലപാട് തേടി സുപ്രീം കോടതി

Monday 21 June 2021 2:17 PM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ കേരള സർക്കാരിനോട് നിലപാട് തേടി സുപ്രീം കോടതി. ചൊവ്വാഴ്ച വിവരമറിയിക്കണമെന്ന് സർക്കാരിനോട് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചു.

സർക്കാർ നിലപാട് അറിയിക്കാത്ത പക്ഷം ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. ഒരാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.

സെപ്തംബർ ആറ് മുതൽ 16 വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് സർക്കാരിന്റെ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും മാതാപിതാക്കളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിലും നാളെ വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ആസം, പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങൾ പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്.