ഇടുക്കി അണക്കെട്ട് ജലസമൃദ്ധിയിൽ, വൈദ്യുതി ഉല്പാദനം വീണ്ടും കൂട്ടി

Monday 21 June 2021 3:19 PM IST

കോട്ടയം: ഇടവപ്പാതി പ്രതീക്ഷിച്ചതുപോലെ കനത്തില്ലെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടി. ഒരാഴ്ച കൊണ്ട് 8.56 അടിയാണ് ഉയർന്നത്. ഇന്നലെ ഒറ്റദിവസം കൊണ്ട് 0.54 അടി ഉയർന്ന് 2350.82 അടിയായി. കഴിഞ്ഞ വർഷം ഇതേ ദിവസം സംഭരണിയിൽ 2331.14 അടി വെള്ളമാണ് ഉണ്ടായിരുന്നത്.

ശക്തമായ മഴ ഇല്ലെങ്കിലും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയുണ്ട്. അതിനാലാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായത്. വരും ദിവസങ്ങളിൽ കൂടുതൽ ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമെന്ന പ്രതീക്ഷയിൽ കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്.

വൈദ്യുതി ഉല്പാദിപ്പിക്കാൻ അണക്കെട്ടിൽ ഇപ്പോൾ 47ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിൽ 31ശതമാനം വെള്ളമായിരുന്നു ഉണ്ടായിരുന്നത്. പ്രതിദിനം ശരാശരി 6.818 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നത്.

Advertisement
Advertisement