ഒരേ രാജ്യം, രണ്ടു നീതി, കാരണോർക്ക് അടുപ്പിലുമാവാം; വിമർശനവുമായി അബ്‌ദുറബ്ബ്

Monday 21 June 2021 4:48 PM IST

ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ ഉദ്ഘാടനത്തിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി പി കെ അബ്ദുറബ്ബ്. മാസ്‌ക് പോലും ധരിക്കാതെയുള്ള പൊലീസുകാരുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് വിമർശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം മാസ്‌ക് ധരിക്കാതെ തൊട്ടടുത്ത വീട്ടിലുള്ള മകനെ കാണാൻ പോകുന്ന വൃദ്ധയെ പൊലീസ് ഉപദേശിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഈ വൃദ്ധയുടെ ചിത്രവും അബ്ദുറബ്ബ് പങ്കുവച്ചിട്ടുണ്ട്. വേലി തന്നെ വിള തിന്നുന്ന ഇത്തരം മാസ്കില്ലാ കാഴ്ചകൾക്കിടയിലും അധികാരിവർഗം മാസ്കിൻ്റെയും മറ്റും പേരിൽ തെരുവിൽ സാധാരണക്കാരൻ്റെ പോക്കറ്റ് പിഴിയുകയുമാണെന്ന് അദ്ദേഹം വിമർശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

തൊട്ടടുത്തുള്ള മകൻ്റെ വീട്ടിലേക്കു നടന്നു പോകുന്ന വൃദ്ധസ്ത്രീയെ വരെ (അവരുടെ നിഷ്കളങ്കത ബോധ്യപ്പെട്ടിട്ടും) മാസ്കില്ലെന്ന കാരണം പറഞ്ഞ് ഒട്ടേറെ നേരം പീഢിപ്പിച്ച് വീഡിയോ വരെ ഷൂട്ട് ചെയ്ത നാട്ടിലാണിത്..!

വേലി തന്നെ വിള തിന്നുന്ന ഇത്തരം മാസ്കില്ലാ കാഴ്ചകൾക്കിടയിലും അധികാരിവർഗം മാസ്കിൻ്റെയും മറ്റും പേരിൽ തെരുവിൽ സാധാരണക്കാരൻ്റെ പോക്കറ്റ് പിഴിയുകയുമാണ്.

ഒരേ രാജ്യം, രണ്ടു നീതി.

കാരണോർക്ക് അടുപ്പിലുമാവാം.