'കൂട്ടിയിടിപ്പിക്കും മൺസൂൺ ടൈംടേബിൾ'

Tuesday 22 June 2021 12:00 AM IST

കാസർകോട്: മൺസൂൺ സമയം നിലവിൽ വന്നതോടെ കാസർകോട്ടെ ട്രെയിൻ സമയപ്പട്ടിക കണ്ട് അന്തംവിടുകയാണ് യാത്രക്കാർ. ഇതു പ്രകാരം കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരേ സമയത്ത് ഒരേ പാളത്തിലൂടെ വടക്കോട്ട് രണ്ട് വണ്ടികൾ പുറപ്പെടണം. ജൂൺ 10ന് സമയം പുതുക്കിയപ്പോൾ 02617 നമ്പർ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് വൈകീട്ട് 5.35നാണ് കാസർകോട് സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടത്. ഇതേ സമയത്തു തന്നെയാണ് 06323 കോയമ്പത്തൂർ -മംഗളുരു സെൻട്രൽ കൊവിഡ് സ്‌പെഷ്യൽ എക്സ്പ്രസും പുറപ്പെടേണ്ടത്. സ്വതവെ ഏറെ നേരം പല സ്റ്റേഷനുകളിലായി പിടിച്ചിടുന്ന കോയമ്പത്തൂർ സ്പെഷ്യൽ മംഗള കടന്നുപോകുന്നതിനു വേണ്ടി കാസർകോട്ടും കാത്തുനിൽക്കേണ്ടിവരുമെന്ന് ചുരുക്കം.


കോയമ്പത്തൂർ മംഗളുരു എക്സ്പ്രസ് പ്രത്യേക ആവശ്യവുമില്ലാതെ ചെറുവത്തൂർ സ്റ്റേഷനിൽ അരമണിക്കൂറോളം പിടിച്ചിടുന്നതുമൂലമാണ് കാസർകോട്ട് ഒരേ സമയം വന്നതെന്നാണ് യാത്രക്കാരുടെ കുറ്റപ്പെടുത്തൽ. വെറും എട്ടര കിലോമീറ്റർ മാത്രം ദൂരമുള്ള തൃക്കരിപ്പൂരിനും ചെറുവത്തൂരിനും ഇടയിൽ ഈ ട്രെയിൻ 38 മിനിട്ടാണ് എടുക്കുന്നത്. 4.06 ന് തൃക്കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 4.44 നാണ് ചെറുവത്തൂരിലെത്തുന്നത്. വെറും 10 മിനിട്ടിനുള്ളിൽ എത്താവുന്ന ദൂരമാണിത്. ഒരു ക്രോസിംഗ് ട്രെയിനും ഇല്ലാത്ത സമയത്താണ് ചെറുവത്തൂരിൽ കോയമ്പത്തൂർ മംഗളുരു എക്സ്പ്രസ് പിടിച്ചിടുന്നതെന്നാണ് പരാതി. ഇതിനെതിരെ സതേൺ റെയിൽവേ അധികൃതർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് കുമ്പള റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി. മുഹമ്മദ് നിസാർ ആവശ്യപ്പെട്ടു. ഇതിലൂടെ അരമണിക്കൂർ മുമ്പേ ഈ വണ്ടിക്ക് കടന്നുപോകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement