എഫ്.ഡി.ഐ: ഇന്ത്യയ്ക്ക് അഞ്ചാംസ്ഥാനം

Tuesday 22 June 2021 3:44 AM IST

ന്യൂഡൽഹി: ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) നേടിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് അഞ്ചാംസ്ഥാനം. യു.എന്നിന്റെ റിപ്പോർട്ട് പ്രകാരം 2020ൽ 6,400 കോടി ഡോളറാണ് ഇന്ത്യ നേടിയത്. കൊവിഡ് വ്യാപനം സമ്പദ്‌വ്യവസ്ഥയെ ശക്തമായി ബാധിച്ചെങ്കിലും അതിവേഗം നേട്ടത്തിലേക്ക് തിരിച്ചുകയറാനുള്ള ഇന്ത്യയുടെ മികവാണ് നിക്ഷേപകരെ ആകർഷിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. 2019ൽ ഇന്ത്യ എട്ടാമതായിരുന്നു.

2020ൽ ആഗോളതലത്തിൽ എഫ്.ഡി.ഐ 35 ശതമാനം ഇടിഞ്ഞെന്ന് യു.എൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് (യു.എൻ.സി.ടി.എ.ഡി) തയ്യാറാക്കിയ 'ദ വേൾഡ് ഇൻവെസ്‌റ്റ്‌മെന്റ് റിപ്പോർട്ട് - 2021" പറയുന്നു. 1.5 ലക്ഷം കോടി ഡോളറിൽ നിന്ന് ഒരുലക്ഷം കോടി ഡോളറിലേക്കാണ് ഇടിവ്. ഇന്ത്യയിലേക്കുള്ള നിക്ഷേപം 2019ലെ 5,100 കോടി ഡോളറിൽ നിന്ന് 27 ശതമാനം ഉയർന്ന് 2020ൽ 6,400 കോടി ഡോളറിലെത്തി. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി മേഖലയിലേക്കാണ് കൂടുതൽ നിക്ഷേപവുമെത്തിയത്.

നിക്ഷേപം കൊയ്‌തവർ

ഏറ്റവുമധികം എഫ്.ഡി.ഐ 2020ൽ സ്വന്തമാക്കിയ 5 രാജ്യങ്ങൾ: (ബ്രായ്ക്കറ്റിൽ 2019ലെ റാങ്ക്)

1. അമേരിക്ക : $15,600 കോടി (1)

2. ചൈന : $14,900 കോടി (2)

3. ഹോങ്കോംഗ് : $11,900 കോടി (5)

4. സിംഗപ്പൂർ : $9,100 കോടി (3)

5. ഇന്ത്യ : $6,400 കോടി (8)

Advertisement
Advertisement