സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം, സ്ഥിരീകരിച്ചത് പത്തനംതിട്ട സ്വദേശിയായ നാലുവയസുകാരനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചു. പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ 14ാം വാർഡിലെ നാല് വയസുകാരനിലാണ് ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
മേയ് 24 നാണ് കുട്ടി കൊവിഡ് പോസിറ്റീവായത്. ഇപ്പോൾ കുട്ടി കൊവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക പഠനത്തിലാണ് പുതിയ വേരിയന്റായ ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. ഡൽഹി സി.എസ്.ഐ.ആർ ഐ.ജി.ഐ.ബിയിൽ നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്. രോഗം പകരാതിരിക്കാനുള്ള കർശനമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചു.
കുട്ടി ഉൾപ്പെട്ട വാർഡ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ ഏരിയയിൽ. ടിപിആർ നിരക്ക് 18.42 ശതമാനമാണ്. ഇതുവരെ ഇവിടെ 87 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിട്ടുണ്ട്.