സാമ്പത്തിക സംവരണം: സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കാൻ പി.എസ്.സി

Monday 21 June 2021 10:45 PM IST

തിരുവനന്തപുരം: പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്ലിയു.എസ് ) 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സംവരണാനുപാതം ഉറപ്പാക്കുന്നതിന് സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. സംവരണേതര വിഭാഗങ്ങൾക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണത്തിന് 103-ാം ഭരണഘടനാ ഭേദഗതി പ്രകാരം സംസ്ഥാന സർക്കാർ 2020 ഒക്‌ടോബർ 23 ന് ഉദ്യോഗ നിയമനത്തിൽ നിയമം ബാധകമാക്കി വിജ്ഞാപനമിറക്കിയിരുന്നു. തുടർന്നാണ് ഒക്‌ടോബർ 23 ന് നിലവിലുളളതും തുടർന്ന് പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ കമ്മിഷൻ തീരുമാനിച്ചത്.

 ചുരുക്കപ്പട്ടിക

കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ ചീഫ് (ഇവാല്യുവേഷൻ ഡിവിഷൻ, കാറ്റഗറി നമ്പർ 384/2019) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

 ഓൺലൈൻ പരീക്ഷ

ഹയർ സെക്കൻഡറി വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ജേർണലിസം (കാറ്റഗറി നമ്പർ 488/2019), എറണാകുളം ജില്ലയിൽ സൈനികക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ (കാറ്റഗറി നമ്പർ 97/2019) തസ്തികകളിലേക്കുള്ള ഓൺലൈൻ പരീക്ഷ നടത്തും.