പ്രാരാബ്ധക്കാർക്ക് സൗജന്യ കുടിവെള്ളം നൽകണം: മന്ത്രി റോഷി

Tuesday 22 June 2021 12:09 AM IST

തിരുവനന്തപുരം: കടുത്ത പ്രാരാബ്ധമുള്ളവർക്കും ഭിന്നശേഷിക്കാർക്കും വീടുകളിൽ കുടിവെള്ളം സൗജന്യമായി എത്തിക്കാൻ കഴിയുമോയെന്ന് വാട്ടർ അതോറിട്ടി പരിശോധിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വാട്ടർ അതോറിട്ടിയിൽ ആറു പുതിയ വിവരസാങ്കേതികവിദ്യാസംരംഭങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഉപഭോക്തൃ പരാതിപരിഹാര സംവിധാനമായ അക്വാലൂം, കരാറുകാർക്ക് ഓൺലൈനായി ലൈസൻസ് എടുക്കാനും പുതുക്കാനുമായി രൂപീകരിച്ച കോൺട്രാക്ടർ ലൈസൻസിംഗ് മാനേജ്‌മെൻറ് സിസ്റ്റം, കടലാസ് രഹിത ഫയൽ സംവിധാനമായ ഇ -ഫയലിംഗ്, പണമടയ്ക്കുന്നതിന് ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിക്കുന്ന എസ്.എം.എസ് അലർട്ട് സർവീസ് തുടങ്ങിയ സംവിധാനങ്ങൾക്കാണ് തുടക്കമായത്.

ജലവിഭവ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടർ എസ്. വെങ്കടേസപതി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement