'ഉദയം" സമർപ്പണം ഇന്ന്

Tuesday 22 June 2021 12:02 AM IST

കോഴിക്കോട്: തെരുവോരങ്ങളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി ലോക്ക് ഡൗണിനിടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച 'ഉദയം" പദ്ധതിയുടെ പ്രധാന കേന്ദ്രം ഇന്ന് വൈകിട്ട് 5.30ന് ഓൺലൈൻ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ചേവായൂർ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് കേന്ദ്രം. ഇവിടെ 150 പേരെ പുനരധിവസിപ്പിക്കാൻ കഴിയും.

മേയർ ബീന ഫിലിപ് അദ്ധ്യക്ഷത വഹിക്കും. വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ലോഗോ പ്രകാശനവും പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് വെബ്‌സൈറ്റ് ഉദ്ഘാടനവും തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രോഡക്ട് ലോഞ്ചും നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഡൊണേറ്റ് ഓപ്ഷൻ പ്രകാശനം ചെയ്യും. ജില്ലാ കളക്ടർ എസ്.സാംബശിവ റാവു പദ്ധതി വിശദീകരിക്കും. എം.കെ.രാഘവൻ എം.പി, മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ, സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ്ജ്, റൂറൽ ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസ് തുടങ്ങിയവർ സംബന്ധിക്കും.

സമൂഹ്യനീതി വകുപ്പിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെയും സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് അന്തേവാസികൾക്ക് മാനസിക പരിചരണം നൽകുക.