ഡെൽറ്റ വകഭേദം മൂന്നാം തരംഗത്തിന് കാരണമാകില്ല

Wednesday 23 June 2021 12:18 AM IST

തിരുവനന്തപുരം : ഡെൽറ്റ വൈറസിൽ നേരിയ മാറ്റമുണ്ടായതോടെ ഇപ്പോൾ കണ്ടെത്തിയ ഡെൽറ്റ പ്ലസ് വകഭേദം മൂന്നാംതരംഗത്തിന് കാരണമാകില്ലെന്ന വിലയിരുത്തലിൽ ആരോഗ്യമേഖല. പാലക്കാട് രണ്ടു പേർക്കും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് ഡെൽറ്റ വൈറസിന്റെ വകഭേദം കണ്ടെത്തിയത്. അവരിൽ ഉണ്ടായ രോഗബാധ പഠന വിധേയമാക്കിയപ്പോഴാണ് മൂന്നാം തരംഗത്തിന് ഈ വകഭേദം കാരണമായി മാറില്ലെന്ന് തിരിച്ചറിഞ്ഞതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വൈറസിന്റെ മാറ്റം രോഗബാധയുടെ തീവ്രതയെ വർദ്ധിപ്പിക്കില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിഗമനം.

അതേസമയം, നിരന്തരമായ ജനിതക സീക്വൻസിംഗ് നടത്തി ജനിതകവ്യതിയാനം കണ്ടെത്താനും പഠിക്കാനുമുള്ള ശ്രമങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്‌നോളജിയും കോഴിക്കോട് മെഡിക്കൽ കോളേജുമാണ് പഠനങ്ങൾക്ക്
നേതൃത്വം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനം ഇതേക്കുറിച്ച് പഠനം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


ഡെൽറ്റ പ്ലസ് അഥവാ കെ 417എൻ

 രാജ്യത്തും സംസ്ഥാനത്തും കൂടുതലുള്ള വൈറസിൽ വന്ന മാറ്റം

 അയൽ സംസ്ഥാനങ്ങളിൽ ഇതിനോടകം കണ്ടെത്തിയത് നിരവധി പേരിൽ

 മാറ്റത്തെ ഗവേഷകർ വിശേഷിപ്പിക്കുന്നത് കെ 417എൻ

 ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ അതിവേഗം അട്ടിമറിക്കും

 വാക്‌സിൻ ശേഷിയെ അതിജീവിച്ചതായി കണ്ടെത്തിയിട്ടില്ല

Advertisement
Advertisement