ഷഗുൻ ഗിഫ‌്റ്റ് കാർഡുമായി എൽ.ഐ.സി കാർഡ്‌സ്

Wednesday 23 June 2021 3:15 AM IST

ചെന്നൈ: ഐ.ഡി.ബി.ഐ ബാങ്കുമായി ചേർന്ന് റൂപേ പ്ളാറ്റ്‌ഫോമിൽ 'ഷഗുൻ" ഗിഫ്‌റ്റ് കാർഡുകൾ പുറത്തിറക്കി എൽ.ഐ.സി കാർഡ്‌സ് സർവീസസ് ലിമിറ്റഡ്. എൽ.ഐ.സി ചെയർമാൻ എം.ആർ. കുമാർ കാർഡുകൾ പുറത്തിറക്കി. എൽ.ഐ.സി മാനേജിംഗ് ഡയറക്‌ടർമാർ, എൽ.ഐ.സി കാർഡ്സിന്റെ ചീഫ് എക്‌സിക്യൂട്ടീവുകൾ, ഐ.ഡി.ബി.ഐ ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ രാകേശ് ശർമ്മ, എൻ.പി.സി.ഐ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ദിലീപ് അസ്‌ബെ തുടങ്ങിയവർ സംബന്ധിച്ചു.

പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകുന്നത് ലളിതമാക്കാനും ഡിജിറ്റൽ ഇന്ത്യയ്ക്ക് പിന്തുണയുമായി കറൻസി ഇടപാടുകൾക്ക് പകരം കാർഡ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയുമാണ് 'ഷഗുൻ" അവതരിപ്പിച്ചതിന്റെ ലക്ഷ്യം. തുടക്കത്തിൽ എൽ.ഐ.സി., ഉപകമ്പനികൾ എന്നിവിടങ്ങളിലാകും കാർഡ് ഉപയോഗിക്കാനാവുക. വരുംമാസങ്ങളിൽ പൊതുജനങ്ങൾക്ക് മറ്റ് ഗിഫ്‌റ്റിംഗ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ ലഭ്യമാക്കും.

സമ്മാനങ്ങളുടെ രീതിയിൽ പൊതിഞ്ഞും വ്യക്തിഗത സന്ദേശങ്ങൾ ഉൾക്കൊള്ളിക്കാവുന്ന വിധവുമാണ് കാർഡ് ലഭ്യമാക്കുന്നത്. മൂന്നുവർഷമാണ് കാർഡിന്റെ കാലാവധിയെന്ന് എം.ആർ. കുമാർ പറഞ്ഞു. 500 മുതൽ 10,000 രൂപവരെ കാർഡിൽ നിറയ്ക്കാം. ഇ-കൊമേഴ്‌സ് സൈറ്റുകളിലും കടകളിലും കാർഡ് ഉപയോഗിക്കാം. പി.ഒ.എസ് ടെർമിനലുകളിൽ കോണ്ടാക്‌ട്ലെസ് ആയി 5,000 രൂപവരെയുള്ള പർച്ചേസും നടത്താം. എം-പാസ്ബുക്ക് ആപ്പിൽ കാർഡിന്റെ ബാലൻസ് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം. 24 മണിക്കൂറും കസ്‌റ്റമർ കെയർ സേവനവും ലഭിക്കും.

Advertisement
Advertisement