ഉത്ര, തുഷാര, ഒടുവിൽ വിസ്‌മയ ,​ സ്ത്രീ 'ധന"മല്ലെങ്കിൽ അഴിക്കുരുക്ക് ഉറപ്പ്

Wednesday 23 June 2021 12:05 AM IST

തിരുവനന്തപുരം: 'തീകൊളുത്തൽ, കെട്ടിത്തൂക്കൽ, പാമ്പിനെക്കൊണ്ട് കടിപ്പിക്കൽ" - ഇങ്ങനെ സ്ത്രീധനത്തിന്റെ പേരിലുള്ള ഭർത്താക്കൻമാരുടെ കൊലവെറിയിൽ നിരവധി സ്ത്രീകൾ ഓർമ്മയിലേക്ക് മായുമ്പോൾ സ്ത്രീധന നിരോധനനിയമം നോക്കുകുത്തി. അഞ്ചുവർഷത്തിനിടെ 66 സ്ത്രീധനപീഡന മരണവും 15,143 കേസുകളുമാണ് ഔദ്യോഗികമായി കേരളത്തിലുണ്ടായത്. എന്നാൽ യഥാർത്ഥ കണക്ക് പതിന്മടങ്ങുണ്ടാവുമെന്നതാണ് യാഥാർത്ഥ്യം.

1961ൽ പാർലമെന്റ് പാസാക്കിയ സ്ത്രീധന നിരോധന നിയമം രാജ്യത്തുള്ളപ്പോഴാണ് ഈ ദുർവിധി. സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്നതാണ് ഈ നിയമം. സ്വർണവും പണവും കൂടുതൽ നൽകി കുടുംബമഹിമ കാട്ടാനുള്ള പെൺമക്കളുടെ മാതാപിതാക്കളുടെ മത്സരമാണ്

നിയമത്തെ ശിഥിലമാക്കിയത്. നിയമപ്രകാരം വിവാഹച്ചെലവിന് കൊടുക്കുന്ന തുകപോലും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കേണ്ടതുണ്ട്. മുസ്ലിം വിവാഹങ്ങളിലെ മഹർ സ്ത്രീധനപരിധിയിൽ വരില്ല.

നൂറു പവനും മൂന്നരയേക്കറും കാറും പത്തുലക്ഷം രൂപയും വീട്ടുച്ചെലവിന് മാസംതോറും 8000 രൂപയും നൽകിയിട്ടും സ്വത്ത് തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നത്. രണ്ടുലക്ഷം സ്ത്രീധനം വൈകിയതിനാണ് കൊല്ലം ഓയൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭർത്താവ് പട്ടിണിക്കിട്ടുകൊന്നത്. മരിക്കുമ്പോൾ 20 കിലോഗ്രാം മാത്രമായിരുന്നു ഭാരം. തുഷാരയുടെ വീട്ടുകാർ 27തവണ പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. സ്ത്രീധനപീഡനം സഹിക്കാനാവാതെ ബന്ധം വേർപെടുത്തുന്നതും ധാരാളം. 28 കുടുംബ കോടതികളിലായി 1,04,015 കേസുകളാണ് നിലവിലുള്ളത്.

നിയമം കർശനം, പക്ഷേ

 സ്ത്രീധനം വാങ്ങുകയോ വാങ്ങാൻ പ്രേരിപ്പിക്കുകയോ ചെയ്‌താൽ 5വർഷം തടവ്, 15,000 രൂപ പിഴ

 വധുവിന്റെ മാതാപിതാക്കളോട് സ്ത്രീധനം ആവശ്യപ്പെട്ടാൽ ആറുമാസം മുതൽ രണ്ടുവർഷം വരെ തടവ്, 10,000രൂപ പിഴ

 മാദ്ധ്യമങ്ങളിൽ സ്ത്രീധനം കൊടുക്കാനോ വാങ്ങാനോ പരസ്യം കൊടുത്താൽ അഞ്ചുവർഷം തടവ്, 15000 രൂപ പിഴ

 2007 ജൂലായ്‌ക്കു ശേഷം വിവാഹിതരായ സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യപ്രസ്താവന നൽകണം

മരണക്കണക്ക്

 2016------25

 2017------12

 2018------17

 2019------06

 2020------06

 ആകെ- 66

സ്ത്രീധനപീഡന കേസുകൾ

 2018------2046

 2019------ 2991

 2020------2715

 2021------1080 (ഏപ്രിൽ വരെ)

 അഞ്ചുവർഷത്തെ കേസ് (2016-2020) - 15,143

Advertisement
Advertisement