പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം

Wednesday 23 June 2021 12:10 AM IST

ന്യൂഡൽഹി: സെപ്തംബർ 6 മുതൽ നടത്താൻ നിശ്ചയിച്ച പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന്‌ കേരളം സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ ജസ്റ്റിസ് ദിനേശ് മഹേശ്വരി ഉൾപ്പെട്ട ബെഞ്ചിലാണ്‌ കേരളം നയം വ്യക്തമാക്കിയത്.

കേരളത്തിൽ 4.19 ലക്ഷം വിദ്യാർത്ഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതുന്നത്. പരീക്ഷ റദ്ദാക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 10, 12 ക്ലാസ് പരീക്ഷകൾ ഏപ്രിലിൽ നടത്തിയിരുന്നു. അതേപോലെ സെപ്തംബറിൽ പ്ലസ് വൺ പരീക്ഷ നടത്താനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഓൺലൈൻ ക്ലാസുകളിലൂടെ പരീക്ഷാസിലബസും പൂർത്തിയാക്കി. സെപ്തംബറിൽ കൊവിഡ് നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതോടെ ഹർജിയിൽ നാളെ വാദം കേൾക്കാമെന്ന്‌ കോടതി അറിയിച്ചു. നിലപാട് അറിയിച്ചില്ലെങ്കിൽ കോടതി സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കുമെന്ന് ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement