ടോക്കൺ വിതരണത്തിൽ ക്രമക്കേടെന്ന്: വാക്സിനേഷൻ കേന്ദ്രത്തിൽ ബഹളം

Thursday 24 June 2021 12:00 AM IST
മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിലുണ്ടായ തർക്കം.

മണ്ണാർക്കാട്: താലൂക്ക് ആശുപത്രിയിലെ വാക്സിനേഷനുള്ള ടോക്കൺ വിതരണത്തിൽ അപാകതയെന്ന് പരാതി. 100 ഡോസ് ഓൺലൈനായും 400 ഡോസ് സ്പോട്ട് രജിസ്‌ട്രേഷനുമായി ഇന്നലെ 500 പേർക്ക് വാക്സിൻ നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിനുള്ള ടോക്കൺ വിതരണം രാവിലെ എട്ടിന് തുടങ്ങുമെന്നും ആശുപത്രി അധികൃതർ ജനങ്ങളെ അറിയിച്ചിരുന്നെങ്കിലും അതിനുമുന്നേ മുഴുവൻ ടോക്കൺ വിതരണം പൂർത്തിയായതാണ് പ്രതിഷേധത്തിനും ബഹളത്തിനും ഇടയാക്കിയത്.

എട്ടിന് എത്തിയ ഒന്നാം ഡോസിനുള്ളവർക്കാർക്കും ടോക്കൺ ലഭിച്ചില്ല. അശാസ്ത്രീയമായ ടോക്കൺ വിതരണം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് ആളുകൾ ബഹളം വച്ചത്. ടോക്കൺ രാവിലെ ആറുമുതൽ കൊടുത്തതിലെ ദുരൂഹത നീക്കണമെന്ന് പ്രതിഷേധവുമായെത്തിയ യൂത്ത് ലീഗ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ സംഘടനങ്ങൾ ആവശ്യപ്പെട്ടു. ജനപ്രതിനിധികളെ പോലും മാനിക്കാതെ ചില വ്യക്തികളുടെ തനിഷ്ടങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽക്കളത്തിൽ ആരോപിച്ചു. തിരക്കൊഴിവാക്കാൻ പൊലീസിന്റെ നിർദേശ പ്രകാരമാണ് ടോക്കൺ വിതരണം നേരത്തെയാക്കിയതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

Advertisement
Advertisement