കെ.പി.സി.സി: ജനപ്രതിനിധികൾ വേണമെന്നും വേണ്ടെന്നും വാദം

Thursday 24 June 2021 3:00 AM IST

തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടിപ്പിക്കുമ്പോൾ എം.പിമാരെയും എം.എൽ.എമാരെയും ഭാരവാഹികളാക്കാമെന്നും ആക്കരുതെന്നും ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വാദം. പി.ജെ. കുര്യൻ, കെ.വി. തോമസ്, കെ.സി. ജോസഫ് തുടങ്ങിയവരാണ് എം.പിമാരെയും എം.എൽ.എമാരെയും ഉൾപ്പെടുത്തരുതെന്ന് വാദിച്ചത്. എന്നാൽ, ഡി.സി.സി പ്രസിഡന്റുമാർക്ക് മറ്റു പദവികൾ പാടില്ലെങ്കിലും മറ്റു ഭാരവാഹികളെ നിശ്ചയിക്കുന്നതിന് കഴിവേ പരിഗണിക്കാവൂ എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാദിച്ചു.

രാവിലെ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ കെ. സുധാകരൻ ആദ്യമേ തന്നെ 51 അംഗ സമിതിയായിരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഡി.സി.സികളിലും ഇതാകും നിലപാടെന്നും കർമ്മശേഷിയാകും മാനദണ്ഡമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണപരമായിരിക്കണം മാറ്റമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമടക്കം നിർദ്ദേശിച്ചു.

നേതാക്കൾക്കെതിരെ സൈബർ ആക്രമണം നടത്തുന്ന സംസ്കാരം അവസാനിപ്പിക്കലാണ് ആദ്യം വേണ്ടതെന്ന് പി.സി. വിഷ്ണുനാഥും ഷാനിമോൾ ഉസ്മാനും ആവശ്യപ്പെട്ടു. പ്രസിഡന്റാണെങ്കിൽ താനത് അവസാനിപ്പിച്ചിരിക്കുമെന്ന് സുധാകരൻ മറുപടി നൽകുകയും ചെയ്തു.

Advertisement
Advertisement