സാമൂഹിക വനവത്കരണം തൊഴിലുറപ്പ് പദ്ധതിയിലേക്ക്

Wednesday 23 June 2021 10:18 PM IST

തണ്ണിത്തോട് : പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്ന വ്യക്ഷത്തൈകളുടെ പരിപാലനം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്താൻ നീക്കം. ഇതിനായി സംസ്ഥാനത്ത് ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നഴ്‌സറികൾ ആരംഭിക്കാനുള്ള ശുപാർശ സാമൂഹിക വനവത്കരണ വിഭാഗം മന്നോട്ടുവച്ചു. സാമൂഹിക വനവത്കരണത്തിനായി വനംവകുപ്പ് നഴ്‌സറികളിൽ പാകിക്കിളിർപ്പിച്ച വ്യക്ഷത്തെകളാണ് ഇതുവരെ വിതരണം ചെയ്തിരുന്നത്. ഈ സാമ്പത്തിക വർഷം മുതൽ പഞ്ചായത്തുകളുടെ സഹകരണത്തോടെ തൊഴിലുറപ്പ് തൊഴിലാളികളെ ഇതിന്റെ ഭാഗമാക്കാനാണ് ഉദേശിക്കുന്നത്. പ്രതിവർഷം 40 കോടി രൂപയോളം സാമൂഹികവനവത്കരണത്തിനായി വനംവകുപ്പ് ചെലവിടുന്നുണ്ട്. വനം വകുപ്പിന്റെ ജില്ലാ തല നേഴ്‌സറികളിലാണ് നിലവിൽ തൈകൾ വളർത്തിയെടുക്കുന്നത്.മുപ്പതിൽപ്പരം ഇനം തൈകളാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്. സ്‌കൂളുകൾ, ത്രിതല പഞ്ചായത്തുകൾ, സാമൂഹിക, സാമുദായിക സംഘടനകൾ എന്നിവ മുഖേനയാണ് തൈകൾ വച്ചുപിടിപ്പിക്കുന്നത്. ഈ വർഷം 47 ലക്ഷം തൈകളാണ് വിതരണം ചെയ്തത്. ജില്ലാ തലത്തിൽ 4 ലക്ഷം മുതൽ 5 ലക്ഷം വരെ തൈകളാണ് ഇത്തരത്തിൽ വളർത്തിയെടുക്കുന്നത്. തൈകൾ വളർത്തിയെടുക്കുന്ന ചുമതല പഞ്ചായത്തിനെ ഏൽപ്പിക്കാനാണ് വനംവകുപ്പ് ആലോചിക്കുന്നത്. 1 മുതൽ 2 വർഷം വരെ പ്രായമുള്ള തൈകൾ സാമുഹിക വനവത്കരണ വിഭാഗം നഴ്‌സറികളിൽത്തന്നെ വളർത്തും.

Advertisement
Advertisement