പൊലീസുകാർ മർദ്ദിച്ച യുവാവ് മരിച്ചു: തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം

Thursday 24 June 2021 12:00 AM IST

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് പൊലീസ് ഇൻസ്‌പെക്‌ടർ പട്ടാപ്പകൽ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് (40) കൊല്ലപ്പെട്ടത്. ഇയാളെ ലാത്തികൊണ്ട് ക്രൂരമായി അടിച്ചു ബോധംകെടുത്തിയ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ പെരിയസ്വാമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ചൊവ്വാഴ്ച വൈകിട്ട് സേലത്തെ യേതാപൂർ സ്റ്റേഷൻ പരിധിയിലെ പാപ്പിനായ്‌ക്കൻപട്ടി ചെക്ക്പോസ്റ്റിലാണ് സംഭവം. യുവാവിനെ പൊലീസ് തല്ലിച്ചതയ്ക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

കൊവിഡ് ലോക്ഡൗണിൽ സേലത്ത് മദ്യക്കടകൾ അടച്ചതിനാൽ സമീപ ജില്ലയായ കല്ലക്കുറിച്ചിയിൽ സുഹൃത്തുക്കൾക്കൊപ്പം പോയി മദ്യം വാങ്ങി തിരിച്ചുവരുമ്പോഴാണ് പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. സംഘത്തെ തടഞ്ഞു നിറുത്തിയ പൊലീസുമായി മുരുകേശൻ വാക്കേറ്റം നടത്തി. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. വാക്കേറ്റത്തിൽ കുപിതനായ എസ്.എസ്.ഐ. പെരിയസ്വാമി ലാത്തി കൊണ്ട് മുരുകേശനെ ക്രൂരമായി അടിക്കുകയായിരുന്നു. റോഡിൽ വീണ യുവാവിനെ അവിടെയിട്ടും തല്ലിച്ചതച്ചു. മുരുകേശനും സുഹൃത്തുക്കളും കെഞ്ചിപ്പറഞ്ഞിട്ടും ഇൻസ്പെക്ടറുടെ കലി അടങ്ങിയില്ല. മറ്റ് പൊലീസുകാർ നോക്കി നിന്നതേ ഉള്ളൂ. ഒടുവിൽ മുരുകേശന് ബോധം കെട്ടപ്പോഴാണ് ഇൻസ്പെക്ടർ ലാത്തിപ്രയോഗം നിറുത്തിയത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ സുഹൃത്തുക്കൾ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് സേലത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ മരിച്ചു.

സംഭവം വിവാദമായതോടെ പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമി നിയമസഭയിൽ ഉന്നയിച്ചു. നടപടി ഉറപ്പു നൽകിയ മുഖ്യമന്ത്രി സ്റ്റാലിൻ അന്വേഷണവും പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം തൂത്തുക്കുടിയിലെ സാത്തൻകുളത്ത് ലോക്ഡൗണിൽ മൊബൈൽ ഷോപ്പ് തുറന്നതിന് കടയുടമ പി. ജയരാജനെയും മകൻ ജെ. ഫെനിക്സിനേയും പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയതിന്റെ വാർഷികമായിരുന്നു ഇന്നലെ.

Advertisement
Advertisement