കൊവിഡിൽ പൊലിഞ്ഞ് കുടുംബ സമ്പാദ്യങ്ങൾ

Thursday 24 June 2021 3:14 AM IST

ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും മൂലം രാജ്യത്തെ കുടുംബങ്ങളുടെ സാമ്പത്തിക സേവിംഗ്സ് കുത്തനെ ഇടിയുന്നതായി റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. 2020-21ലെ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ജി.ഡി.പിയുടെ 8.2 ശതമാനമാണ് കുടുംബാധിഷ്‌ഠിത സാമ്പത്തിക സേവിംഗ്‌‌സിന്റെ പങ്ക്. കൊവിഡ് ഒന്നാംതരംഗം ആഞ്ഞടിച്ച കഴിഞ്ഞവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ പങ്ക് 21 ശതമാനവും ജൂലായ്-സെപ്‌തംബറിൽ 10.4 ശതമാനവും ആയിരുന്നു.

കുടുംബങ്ങളുടെ സാമ്പത്തിക നിക്ഷേപം (ബാങ്ക് നിക്ഷേപങ്ങൾ), ലൈഫ് ഇൻഷ്വറൻസ് നിക്ഷേപം, പ്രൊവിഡന്റ് ആൻഡ് പെൻഷൻ ഫണ്ടുകൾ (പി.പി.എഫ്), വരുമാനം ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങൾ, ചെറുകിട നിക്ഷേപങ്ങൾ, മ്യൂച്വൽഫണ്ട് തുടങ്ങിയവയാണ് സേവിംഗ്‌സിൽ ഉൾപ്പെടുന്നത്. ഇത് 2020 ഡിസംബറിൽ 37.9 ശതമാനവും സെപ്‌തംബറിൽ 37.1 ശതമാനവും ആയിരുന്നു. കഴിഞ്ഞ ഒക്‌ടോബർ-ഡിസംബറിൽ ജി.ഡി.പിയിൽ ബാങ്ക് നിക്ഷേപങ്ങളുടെ മാത്രം പങ്ക് 7.7 ശതമാനത്തിൽ നിന്ന് മൂന്നു ശതമാനത്തിലേക്ക് ഇടിഞ്ഞു. അതേസമയം, ബാങ്കുകളിൽ നിന്നും ഹൗസിംഗ് ഫിനാൻസ് കമ്പനികളിൽ നിന്നും വായ്‌പാ വിതരണം വർദ്ധിച്ചെങ്കിലും ഡിസംബർപാദത്തിൽ കുടുംബങ്ങളുടെ സാമ്പത്തിക ബാദ്ധ്യത രണ്ടാംപാദത്തിലെ 5.4 ശതമാനത്തിൽ നിന്ന് 4.6 ശതമാനമായി താഴ്‌ന്നെന്നും റിപ്പോർട്ടിലുണ്ട്.

സമ്പാദ്യവും ബാദ്ധ്യതയും കുറയുന്നു

കഴിഞ്ഞ ഒക്‌ടോബർ-ഡിസംബർപാദത്തിൽ ഇന്ത്യയിലെ കുടുംബങ്ങളുടെ ആകെ സാമ്പത്തിക സേവിംഗ്‌സ് 6.93 ലക്ഷം കോടി രൂപയാണ്. ജൂലായ്-സെപ്‌തംബറിൽ ഇത് 7.46 ലക്ഷം കോടി രൂപയായിരുന്നു. സാമ്പത്തിക ബാദ്ധ്യതകൾ (വായ്‌പാ തിരിച്ചടവ് മുതലായവ) 2.54 ലക്ഷം കോടി രൂപയിൽ നിന്ന് 2.48 ലക്ഷം കോടി രൂപയായും താഴ്‌ന്നു.

ജി.ഡി.പി: വളർച്ചാ

പ്രതീക്ഷ താഴേക്ക്

ഇന്ത്യയുടെ 2021ലെ സാമ്പത്തിക വളർച്ചാപ്രതീക്ഷ നേരത്തേ വിലയിരുത്തിയ 13.9 ശതമാനത്തിൽ നിന്ന് പ്രമുഖ അമേരിക്കൻ റേറ്റിംഗ് ഏജൻസിയായ മൂഡീസ് 9.6 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചു. ഈ വർഷം ഏപ്രിൽ മുതൽ ആഞ്ഞടിച്ച കൊവിഡ് രണ്ടാംതരംഗം സമ്പദ്‌വളർച്ചയിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുകയറ്റത്തെ സാരമായി ബാധിച്ചെന്നും വരുംമാസങ്ങളിൽ നിലമെച്ചപ്പെടണമെങ്കിൽ ഇന്ത്യ വാക്‌സിനേഷൻ ഊർജിതമാക്കണമെന്നും മൂഡീസ് വ്യക്തമാക്കി.