സ്വർണ ക്വട്ടേഷൻ ഗ്യാംഗിന്റെ അപകടമരണം: കണ്ണൂരിലെ സംഘാംഗത്തിന്റെ വീട്ടിൽ റെയ്ഡ്

Thursday 24 June 2021 12:57 AM IST

കണ്ണൂർ: കരിപ്പൂർ വിമാനത്താവളം വഴി തിങ്കളാഴ്ച കാരിയർ വഴി സ്വർണ്ണം കടത്തിയത് തട്ടിയെടുക്കാൻ കണ്ണൂരിൽ നിന്ന് എത്തിച്ചേർന്ന ക്വട്ടേഷൻ സംഘാംഗങ്ങളിലൊരാളുടെ വീട്ടിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തി. കണ്ണൂർ അഴീക്കൽ സ്വദേശി അർജുൻ ആയങ്കിയുടെ ( 24) വീട്ടിലാണ് റെയ്ഡ് നടന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായാണ് പരിശോധന നടത്തിയത്. അർജുനെ വീട്ടിൽ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ ചോദ്യം ചെയ്യലിന്​ ഹാജരാകാൻ ​ നോട്ടീസ്​ നൽകി.

എറണാകുളം കസ്​റ്റംസ്​ പ്രിവൻറീവ്​ വിഭാഗത്തി​ന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഘം പരിശോധനക്കെത്തിയത്​. രണ്ടര മണിക്കൂർ നീണ്ട പരിശോധനയിൽ വ്യക്തമായ​ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് കസ്​റ്റംസ്​ അധികൃതർ നൽകുന്ന സൂചന. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് സംഘത്തി​ന്റെ ഇടനിലക്കാരനായി അർജുൻ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സംഭവ ശേഷം ഇയാൾ ഒളിവിലാണ്.

കസ്റ്റംസിന്റെ പിടിയിലായ പെരിന്തൽമണ്ണ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലാണ് അർജുന്റെ പങ്കാളിത്തം വ്യക്തമായത്. ചുവന്ന സ്വിഫ്റ്റ് കാറിലാണ് അർജുൻ വിമാനത്താവളത്തിലെത്തിയതെന്ന് ഷഫീഖ് കസ്റ്റംസിനോട് പറഞ്ഞു. തിരിച്ചറിയാനായി കാറിന്റെ ചിത്രം ഷഫീഖിന്റെ മൊബൈലിലേക്ക് അയച്ചു കൊടുത്തിരുന്നു.

സ്വർണം തട്ടിയെടുക്കാൻ സാദ്ധ്യതയുണ്ടെന്നും വിമാനത്താവളത്തിൽ ബാത്ത് റൂമിൽ കയറി വസ്ത്രം മാറിയ ശേഷം പുറത്തിറങ്ങിയാൽ മതിയെന്നും പുതിയ വസ്ത്രം ധരിച്ച ഫോട്ടോ അയക്കണമെന്നും അർജുൻ കാരിയറായ ഷെഫീഖിനോട് ആവശ്യപ്പെട്ടിരുന്നു. കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഷഫീഖ് വിമാനമിറങ്ങിയപ്പോൾ തന്നെ പിടിയിലാകുകയായിരുന്നു. ഇൗ വിവരം അറിഞ്ഞ ഉടൻ അർജുൻ മൊബൈൽ സ്വിച്ച് ഒാഫാക്കി ഒളിവിൽ പോവുകയായിരുന്നു.

ദുബായ് ദേരയിൽ സ്വർണ ഇടപാട് നടത്തുന്ന മറ്റൊരു കൊടുവള്ളിക്കാരനും മറ്റൊരാളും ചേർന്നാണ് ഷഫീഖിന് 2.33 കിലോ ഗ്രാം സ്വർണം കൈമാറിയത്. അർജുന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്നലെ രാവിലെ വരെ സജീവമായിരുന്നു. കസ്​റ്റംസ്​ പരിശോധനയുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്​തു.

Advertisement
Advertisement