പാട്ടിന്റെ പൊന്നമ്മാൾ അഗ്നിയിൽ ലയിച്ചു

Thursday 24 June 2021 12:00 AM IST

തിരുവനന്തപുരം: എട്ട്‌ പതിറ്റാണ്ട്‌ നീണ്ട സംഗീത സപര്യയുടെ ധന്യതയിൽ,​ പ്രിയശിഷ്യരുടെയും ആരാധകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങി പാറശ്ശാല ബി. പൊന്നമ്മാൾ അഗ്നിയിൽ ലയിച്ചു.

തൈക്കാട് ശാന്തികവാടത്തിന് എതിർവശത്തെ ബ്രാഹ്മണ സമുദായം ശ്‌മശാനത്തിൽ രാവിലെ പത്ത് മണിയോടെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. അന്ത്യകർമ്മങ്ങൾക്ക് പിന്നാലെ മകൻ മഹാദേവൻ ചിതയിലേക്ക് അഗ്നിപകർന്നു. മറ്റൊരു മകൻ ഡി.സുബ്രഹ്മണ്യവും അമ്മയുടെ അന്ത്യയാത്രയ്‌ക്ക് സാക്ഷിയായി.

പഠിച്ചും പഠിപ്പിച്ചും കേരളത്തിലെ കർണാടക സംഗീതജ്ഞരിൽ മുൻപന്തിയിൽ നിന്ന സംഗീതജ്ഞയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരും പ്രിയ ശിഷ്യരും വലിയശാലയിലെ അഗ്രഹാരത്തിലെത്തി. മന്ത്രിമാരായ സജി ചെറിയാൻ,ജി.ആർ അനിൽ, വി.ശിവൻകുട്ടി,ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വി.കെ പ്രശാന്ത് എം.എൽ.എ,കുമ്മനം രാജശേഖരൻ,വി.എസ് ശിവകുമാർ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. രാവിലെ 9 മണിവരെ വീട്ടിലെ പൊതുദർശനത്തിന് ശേഷമാണ് ഭൗതികദേഹം ശ്‌മശാനത്തിലേക്ക് കൊണ്ടുപോയത്. പ്രായം തളർത്താത്ത സംഗീത പ്രതിഭയെ ഒരു നോക്ക് കാണാൻ അതുവരെ ശിഷ്യരും പ്രദേശവാസികളും എത്തിയിരുന്നു. കൊവി‌ഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന സംസ്‌കാര ചടങ്ങിൽ ബന്ധുക്കളടക്കം ചുരുക്കം പേരാണ് പങ്കെടുത്തത്.

ചൊവ്വാഴ്ച ഉച്ചയോടെ വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യത്തിന്റെ അവശതയിൽ വിശ്രമത്തിലായിരുന്നു.

Advertisement
Advertisement