തുരങ്കപാതയ്ക്ക് തുരങ്കം വെക്കല്ലേ ... 300 കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധം

Thursday 24 June 2021 12:02 AM IST

മുക്കം: മേപ്പാടി വരെ നീളുന്ന നിർദ്ദിഷ്ട തുരങ്കപാത പദ്ധതിയെ യു.ഡി.എഫ് എതിർക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ പരക്കെ പ്രതിഷേധം. പ്രസ്താവന പിൻവലിച്ച് നിലപാട് തിരുത്തണമെന്ന ആവശ്യവുമായി എൽ.ഡി.എഫ് ഇന്ന് 300 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. ഓരോ വാർഡിലും 5 കേന്ദ്രങ്ങളിൽ 5 പേർ വീതം പ്ലക്കാർഡുകളുമേന്തി പ്രതിഷേധിക്കും.

കോഴിക്കോട്, വയനാട് ജില്ലകളുടെ വികസനത്തിൽ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയെ എതിർക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. തുരങ്കപാത നിർമ്മാണം പരിസ്ഥിതിയ്ക്ക് ആഘാതമുണ്ടാക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത് . എന്നാൽ, പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാതെ നിർമ്മിക്കാമെന്നതാണ് തുരങ്കപാതയുടെ സവിശേഷത. മുൻ എൽ.ഡി.എഫ് സർക്കാർ തുരങ്കപാതയുടെ പ്രാഥമിക പഠനത്തിനും മറ്റുമായി 20 കോടി രൂപ അനുവദിച്ചപ്പോൾ ആഗോള ടെൻഡർ വിളിക്കാൻ നീക്കം നടത്തിയെങ്കിലും ഡോ.ഇ.ശ്രീധരനുമായുള്ള കൂടിക്കാഴ്ച വഴിത്തിരിവായി. അദ്ദേഹമാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷനുമായി ബന്ധപ്പെടുത്തിയത്. കൊങ്കൺ റെയിൽവേ കേന്ദ്ര സർക്കാർ സ്ഥാപനമായതിനാൽ ആഗോള ടെൻഡറോ ദേശീയ ടെൻഡറോ ഇല്ലാതെ ഉഭയ സമ്മത കരാറിൽ ഏർപ്പെടാനാവും. കൊങ്കൺ റെയിൽവേയുമായി നടത്തിയ നിരവധി ചർച്ചകളുടെയും സ്ഥലപരിശോധനയടക്കമുള്ള മറ്റു നടപടികളുടെയും ശേഷം മുഖ്യമന്ത്രി മുൻകൈയെടുത്ത് പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്താനും തീരുമാനിക്കുകയായിരുന്നു. 2020 ഒക്ടോബർ 5 ന് മുഖ്യമന്ത്രി പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിംഗ് നിർവഹിച്ചതോടെ മലയോര ജനത ഏറെ പ്രതീക്ഷയിലാണ്. ഈ പദ്ധതിയ്ക്ക് തുരങ്കം വയ്ക്കരുതെന്ന് ആവശ്യപ്പെട്ടാണ് സമരമെന്ന് എൽ.ഡി.എഫ് നേതാക്കളായ ടി.വിശ്വനാഥൻ, കെ. മോഹനൻ, കെ.ടി. ശ്രീധരൻ എന്നിവർ വ്യക്തമാക്കി.

Advertisement
Advertisement