നെടുമ്പാശേരി 'സ്വർണത്താവളം"

Thursday 24 June 2021 12:25 AM IST

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി വൻ തോതിൽ സ്വർണം, മയക്കുമരുന്ന് കള്ളകടത്തുകൾ നടക്കുന്ന സംഭവങ്ങൾ നിരന്തരം ഉണ്ടായിട്ടും കസ്റ്റംസിന്റെ പരിശോധനകൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങളുടെ മുന്നറിയിപ്പുകൾ കസ്റ്റംസ് അവഗണിക്കുന്നതായും ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി ഖത്തർ എയർവെയ്‌സ് വിമാനത്തിൽ എത്തിയ സിംബാബ്‌വേ സ്വദേശിനിയായ യുവതി കസ്റ്റംസ് പരിശോധനകൾ അനായാസം പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. പിന്നീട് ഡൽഹിയിലേക്ക് യാത്രയാകുന്നതിന് എത്തിയപ്പോൾ സിയാൽ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിലാണ് പിടിയിലായത്. ഇവിടെ പലവട്ടം കസ്റ്റംസ് പരിശോധന കഴിഞ്ഞവരെ സിയാൽ സുരക്ഷാ വിഭാഗം പിടികൂടിയിട്ടുണ്ട്. ഡി.ആർ.ഐ വിഭാഗത്തിന് ലഭിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനയിലാണ് പല സ്വർണക്കടത്തുകളും പിടികൂടാനാകുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് ഡി.ആർ.ഐ പരിശോധനക്കെത്തുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനകൾ പൂർത്തിയാക്കി പറഞ്ഞു വിട്ടവരെയും ഡി.ആർ.ഐ സ്വർണവുമായി പിടികൂടിയിട്ടുണ്ട്. ഒന്നര വർഷം മുമ്പ് സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിലായതും നെടുമ്പാശേരിയിലായിരുന്നു. അവധി ദിവസം സ്വകാര്യാവശ്യത്തിനെന്ന പേരിൽ വിമാനത്താവളത്തിലെത്തിയാണ് സ്വർണക്കടത്തിന് കൂട്ടുനിന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടിയതും ഡി.ആർ.ഐയാണ്. കഴിഞ്ഞ ഏപ്രിലിൽ രണ്ടര കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ച വിമാനത്തിലെ ക്യാബിൻ ക്രൂവിനെ കുടുക്കിയതും ഡി.ആർ.ഐ വിഭാഗമാണ്.

 കസ്റ്റംസിന് എല്ലാം 'രഹസ്യം"

നെടുമ്പാശേരിയിൽ അടുത്തിടെ കാര്യമായ സ്വർണക്കടത്തുകളൊന്നും കസ്റ്റംസ് പിടികൂടിയിട്ടില്ല. ഡി.ആർ.ഐ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകുമ്പോൾ മാത്രമാണ് കുറഞ്ഞ തോതിലെങ്കിലും പരിശോധനകൾ ശക്തമാക്കുന്നത്. ഇടയ്‌ക്കെങ്കിലും പിടികൂടുന്ന സ്വർണക്കടത്ത് മാദ്ധ്യമങ്ങളെ പോലും അറിയിക്കാതിരിക്കാനും ശ്രമമുണ്ട്. മുൻ കാലങ്ങളിൽ 50 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണക്കടത്ത് പിടികൂടിയാൽ മാദ്ധ്യമ പ്രവർത്തകരെ കൃത്യമായി അറിയിക്കുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ നടപടി സ്വർണക്കടത്ത് സംഘങ്ങളെ സഹായിക്കുന്നതിനാണെന്ന ആക്ഷേപവും ശക്തമാണ്.

Advertisement
Advertisement