സ്ലോട്ട് കണ്ടെത്താൻ വാക്സിൻ ഫൈൻഡ്

Thursday 24 June 2021 3:22 AM IST

 സഹായവുമായി പൊലീസ് വെബ്സൈറ്റ്

കൊല്ലം: കൊവിഡ് വാക്സിൻ ലഭിക്കുന്നതിന് സ്ലോട്ട് ബുക്ക് ചെയ്യാനായി സംസ്ഥാന പൊലീസിന്റെ വെബ്‌സൈറ്റ് നിലവിൽവന്നു. മാഷപ്പ് സ്റ്റാക്കും കേരളാപൊലീസ് സൈബർഡോമും ചേർന്നാണ് വെബ്‌സൈറ്റ് വികസിപ്പിച്ചത്.

വാക്സിൻ ഫൈൻഡ്. ഇൻ എന്ന വെബ്‌സൈറ്റിലൂടെ അടുത്ത രണ്ടാഴ്ചയിലേക്ക് ലഭ്യമായ സ്ലോട്ടുകൾ അറിയാൻ സാധിക്കും. കമ്പ്യൂട്ടറുകൾക്ക് പുറമെ മൊബൈലിലും ലാപ്ടോപ്പിലും പ്രവർത്തിക്കുന്ന രീതിയിലാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.

വാക്‌സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിലും മറ്റുള്ളവ ചുവപ്പിലും രേഖപ്പെടുത്തി കാണിക്കുന്നതിനാൽ വേ​ഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനാകുമെന്നതാണ് പ്രത്യേകത. സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്‌സിൻ സ്ലോട്ട് തിരയുകയും ബ്രൗസറിൽ സൗണ്ട് നോട്ടിഫിക്കേഷൻ വഴി അറിയിക്കുകയും ചെയ്യും.

ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ, പിന്നീട് ബ്രൗസർ തുറക്കുമ്പോൾ തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നറിയാൻ സാധിക്കും. നമ്മൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്‌സിൻ തിരയുന്ന പ്രക്രിയ ബുദ്ധിമുട്ടുണ്ടാകുകയില്ല.

സ്ലോട്ട് ബുക്ക് ചെയ്യുന്നതിന്

1. വാക്സിൻ ഫൈൻഡ്. ഇൻ പേജിൽ കയറുക

2. ഭാഷ തിരഞ്ഞെടുക്കുക

3. ജില്ല, പ്രായം, എത്രാമത്തെ ഡോസ്, ഏതുതരം വാക്സിനാണ് താത്പര്യം എന്നിവ തിരഞ്ഞെടുക്കുക

4. ലഭ്യമായ സ്ലോട്ടുകൾ കാണിക്കും

5. സ്ലോട്ട് ലഭ്യമല്ലെങ്കിൽ ലഭ്യമാകുന്ന മുറയ്ക്ക് സൗണ്ട് നോട്ടിഫിക്കേഷൻ ലഭിക്കും

വെബ്‌സൈറ്റ് പ്രത്യേകതകൾ

1. ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെ 11 പ്രാദേശിക ഭാഷകൾ

2. തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യും

3. ഓപ്‌ഷൻ മാറ്റുന്നതിന് സൗകര്യം

4. വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കൻഡിലും അപ്ഡേറ്റാകും

5. വാക്സിൻ ലഭ്യമായ തീയതികൾ പെട്ടെന്ന് മനസിലാക്കാൻ ചുവപ്പ് / പച്ച നിറങ്ങൾ

Advertisement
Advertisement