'ഇടതുപക്ഷ പ്രവർത്തകൻ ആയിട്ടുപോലും നീതി കിട്ടിയില്ല'; മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡോക്‌ടർ രാജിവച്ചു

Thursday 24 June 2021 10:32 AM IST

​​​ആലപ്പുഴ: കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡോക്‌ടർ രാജിവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടർ രാഹുൽ മാത്യുവാണ് നീതി നിഷേധിക്കപ്പെട്ടതിനെ തുർന്ന് രാജിവച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇക്കഴിഞ്ഞ മേയ് 14ന് സിവിൽ പൊലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. കൊവിഡ് ബാധിത ആയിരുന്നു അഭിലാഷിന്‍റെ അമ്മയുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ നൽകുന്നതിൽ വീഴ്‌ച ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു ഡോക്‌ടറെ മർദ്ദിച്ചത്.

ജൂൺ ഏഴിന് അഭിലാഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു എന്നാൽ കൊവിഡ് ബാധിതൻ ആയതിനാൽ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം. താൻ ജീവിതത്തിൽ ചതിക്കപ്പെട്ടുവെന്നും, ഇടതുപക്ഷ പ്രവർത്തകൻ ആയിട്ടുപോലും നീതി കിട്ടിയില്ലെന്നുമാണ് ഡോക്‌ടർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

വിഷയത്തിൽ അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഡോക്‌ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു പറയുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് രാജി.