വനിത കമ്മിഷൻ അദ്ധ്യക്ഷ തെറിച്ചേക്കും, മുഖ്യമന്ത്രി ഇടപെടുമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാന വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെ തൽസ്ഥാനത്ത് നിന്നും മാറ്റുമെന്ന് സൂചന. പരാതി പറയാൻ വിളിച്ച യുവതിയോട് നിഷേധാത്മകമായ നിലപാട് സ്വീകരിച്ച ജോസഫൈന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്ന് കടുത്ത വിമർശനമാണ് വനിത കമ്മിഷൻ അദ്ധ്യക്ഷയ‌്ക്കെതിരെ ഉയരുന്നത്. സർക്കാരിന് നാണക്കേടുണ്ടായ വിഷയത്തിൽ കടുത്ത നടപടി തന്നെയുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇതിന് മുമ്പും ജോസഫൈൻ വിവാദം സൃഷ്‌ടിച്ചിട്ടുണ്ട്. സിപിഎം നേതാവും മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി കെ ശശിയ്‌ക്കെതിരെ പാര്‍ട്ടി യുവജനസംഘടനയിലെ പെണ്‍കുട്ടി ലൈംഗീക പീഡന പരാതി ഉയര്‍ത്തിയപ്പോള്‍ സ്വന്തമായി കോടതിയും പൊലീസുമുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് പറഞ്ഞ് പാര്‍ട്ടിയെ തന്നെ പ്രതിരോധത്തിലാക്കിയ വ്യക്തിയാണ് എം സി ജോസഫൈന്‍. കൂടാതെ പരാതി പറയാന്‍ വിളിച്ച വയോധികയെ ‘തള്ള’ എന്ന് വിശേഷിപ്പിച്ചപ്പോള്‍ ആ വിവാദവും വീണ്ടും സിപിഎമ്മിനെ ഉലച്ചു.
ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കാനും സര്‍ക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കം. ഇതിനിടെ ഭരണകക്ഷിയുടെ അനുകൂലികള്‍ കൂടി തള്ളിപ്പറഞ്ഞതോടെ മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ടെക്കുമെന്നാണ് സൂചന.
അതേസമയം, യുവതിയോട് മാപ്പപേക്ഷയുമായി ജോസഫൈൻ രംഗത്തെത്തിയിട്ടുണ്ട്. വിമർശനം വന്നയുടൻ ന്യായീകരണശ്രമം നടത്തിയെങ്കിലും പികെ ശ്രീമതി അടക്കമുള്ള പാർട്ടിയിലെ മുതിർന്ന നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചതോടെയാണ് മാപ്പപേക്ഷയുമായുള്ള വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ രംഗപ്രവേശം.