ഭാസ്കരൻ പകർത്തി, അഗ്നി വിഴുങ്ങിയിട്ടും ചാരമാകാത്ത വാർത്താക്ഷരങ്ങൾ

Friday 25 June 2021 12:02 AM IST
പി.എം ഭാസ്കരൻ കാമറയിൽ പകർത്തിയ ചിത്രം

വടകര: തീ വിഴുങ്ങിയിട്ടും തെളിഞ്ഞുനിന്ന വാർത്താക്ഷരങ്ങൾക്ക് ഭാസ്കരന്റെ കാമറ കണ്ണിൽ 'പുനർജനി '. ഒഞ്ചിയം സ്വദേശിയായ ഫോട്ടോഗ്രാഫർ പി.എം ഭാസ്കരനാണ് കത്തിയമർന്ന പത്രത്താളുകളിലെ ചാരമാകാത്ത വാർത്തയും ഫോട്ടോയും കാമറയിൽ പകർത്തിയത്. വീട്ടിൽ വാങ്ങാറുളള ദിനപത്രം കത്തിച്ചപ്പോൾ തെളിഞ്ഞുനിന്ന വാർത്തയും ഫോട്ടോയും കൗതുകത്തിന് കാമറയിലാക്കുകയായിരുന്നു. 1981 മുതൽ കണ്ണൂക്കര ഗീതാ സ്റ്റുഡിയോ നടത്തുകയാണ്. 1966-67 കാലത്ത് കൊടാക്ക് ഫിലിം കമ്പനി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിന് പകർത്തിയ അമ്മയും കുഞ്ഞും തീ കായുന്ന ചിത്രം അംഗീകാരത്തിനൊപ്പം ഏറെ ജനശ്രദ്ധയും നേടി. മൾട്ടി കളർ വരുന്നതിന് മുമ്പ് ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിമിൽ നിരവധി അപൂർവ ചിത്രങ്ങൾ ഈ 67കാരൻ പകർത്തിയിട്ടുണ്ട്. ഒരു വിളക്കുമായി നീങ്ങുന്നത് ഒരേ ഫ്രയിമിൽ നിരവധി വിളക്കുകളും ഒടുക്കം വിളക്കേന്തിയ ആളെയും വ്യക്തമാവുന്ന ഫോട്ടോ ഏറെക്കാലം ചർച്ചയായിരുന്നു. ഭാര്യ ശാന്ത, മൂന്ന് പെൺകുട്ടികളുമുണ്ട്.

Advertisement
Advertisement