സംസ്ഥാന പൊലീസ് മേധാവി നിയമനം: തച്ചങ്കരി പുറത്ത്, സുദേഷ്കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നിവർ പട്ടികയിൽ
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയിൽനിന്നു ടോമിൻ തച്ചങ്കരി പുറത്ത്. ഇന്ന് ചേർന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ സമിതി യോഗമാണ് തീരുമാനമെടുത്തത്. സുദേഷ്കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നിവരാണ് അന്തിമപട്ടികയിലുള്ളത്. പട്ടികയിലുള്ള അരുൺ കുമാർ സിൻഹ സ്വയം ഒഴിവായി.
ഇതുവരെ സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ നിയമിച്ചിരുന്ന സർക്കാരിന് സുപ്രീം കോടതിയുടെ കർശന വിധി വന്നതോടെയാണ് വഴങ്ങേണ്ടി വന്നത്. ഇതാദ്യമായാണ് യുപിഎസ്‌സി സമിതിക്കു പാനൽ സമർപ്പിച്ച്, അവർ നൽകുന്ന പേരുകളിൽ നിന്ന് ഒരാളെ കേരളത്തിൽ ഡിജിപിയായി നിയമിക്കുന്നത്.
30 വർഷം സർവീസ് പൂർത്തിയാക്കിയ, 1987 മുതൽ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം നൽകിയത്.
യുപിഎസ്‌സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുൾപ്പെട്ടതാണ് കേന്ദ്രസമിതി.