വീട്ടമ്മമാർക്ക് ആശ്വസിക്കാം, രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപം പരിശോധിക്കില്ല

Friday 25 June 2021 3:14 AM IST

ന്യൂഡൽഹി: വീട്ടമ്മമാർക്ക് ആശ്വാസം പകർന്ന് ഇൻകം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (ഐ.ടി.എ.ടി) വിധി. വീട്ടമ്മമാരുടെ രണ്ടരലക്ഷം രൂപവരെയുള്ള ബാങ്ക് നിക്ഷേപങ്ങൾ ആദായ നികുതി വകുപ്പിന്റെ അന്വേഷണ പരിധിയിൽ വരില്ലെന്ന് ട്രൈബ്യൂണലിന്റെ ആഗ്ര ബെഞ്ച് വ്യക്തമാക്കി. ഗ്വാളിയോർ സ്വദേശിയായ ഉമ അഗർവാൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്.

വീട്ടമ്മയായ ഉമയുടെ ബാങ്ക് അക്കൗണ്ടിൽ 2016-17ൽ 1.30 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം നിക്ഷേപം 2.11 ലക്ഷം രൂപയായി വർദ്ധിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ആദായ നികുതി വകുപ്പ് ഉമയോട് വിശദീകരണം തേടി. ഭർത്താവും മകനും ചില ബന്ധുക്കളും തന്ന പണമാണെന്ന് ഉമ വ്യക്തമാക്കിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കണക്കിൽപ്പെടാത്ത പണമെന്ന് വിലയിരുത്തി വകുപ്പ് തുടർ നടപടികളിലേക്ക് കടന്നു. ഇതോടെയാണ് ഉമ ട്രൈബ്യൂണലിനെ സമീപിച്ചത്.

കുടുംബങ്ങളിൽ വീട്ടമ്മമാരുടെ സംഭാവന അമൂല്യമാണെന്നും അവർക്ക് സമ്മാനമായും മറ്റും ബന്ധുക്കൾ നൽകുന്ന നിസാരതുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമ്പോൾ അതേക്കുറിച്ച് അന്വേഷിക്കുന്നത് ഉചിതമല്ലെന്നും ട്രൈബ്യൂണൽ വിലയിരുത്തി. രണ്ടരലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കില്ലെന്നും നികുതി റിട്ടേൺ പൊരുത്തപ്പെടാത്ത അക്കൗണ്ടുകളെ കുറിച്ചേ അന്വേഷിക്കൂ എന്നും നോട്ട് അസാധുവാക്കലിന് പിന്നാലെ ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.