കോഴിക്കോട് കോർപ്പറേഷൻ നേടി ശുചിത്വത്തിൽ ഒ.‌ഡി.എഫ് പ്ലസ്

Friday 25 June 2021 12:02 AM IST

കോഴിക്കോട് : വെളിയിട വിസർജ്ജന വിമുക്ത നഗരമായി പ്രഖ്യാപിച്ച നഗരസഭകളിൽ കൂടുതൽ മികവ് പുലർത്തിയതിന് കോഴിക്കോട് കോർപ്പറേഷന് ഒ.‌ഡി.എഫ് പ്ലസ് അംഗീകാരം.

വെളിയിട വിമുക്തനഗരം എന്നതിനൊപ്പം പൊതുശുചിത്വം, പൊതു ശൗചാലയങ്ങളുടെ പരിപാലനം, ആവശ്യത്തിന് പൊതു ശൗചാലയങ്ങൾ ഏർപ്പെടുത്തൽ എന്നീ നേട്ടങ്ങൾ കൈവരിക്കുന്ന നഗരങ്ങളെയാണ് ഒ.ഡി.എഫ് പ്ലസ് നഗരങ്ങളായി സ്വച്ഛ് ഭാരത് മിഷൻ തിരഞ്ഞെടുക്കുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി ക്വാളിറ്റി കൗൺസിൽ ഒഫ് ഇന്ത്യയാണ് സർവെ നടത്തിയത്. 2016ൽ വെളിയിട വിസർജ്ജ്യ വിമുക്ത നഗരമായി കോഴിക്കോട് കോർപ്പറേഷനെ തിരഞ്ഞെടുത്തിരുന്നു. ഈ പദവി നേടുന്ന സംസ്ഥാനത്തെ ആദ്യ കോർപ്പറേഷനാണ് കോഴിക്കോട്. കോർപ്പറേഷൻ കൗൺസിലർമാരുടെയും ജീവനക്കാരുടെയും കോർപ്പറേഷനിലെ ഒരോ പൗരൻമാരുടെയും ആത്മാർത്ഥമായ പ്രവർത്തനങ്ങളും സഹകരണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.

കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന അനുമോദന യോഗത്തിൽ മേയർ ഡോ.ബീന ഫിലിപ്പ് ഉപഹാരം ഏറ്റുവാങ്ങി. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ഒ.പി.ഷിജിന, പി.ദിവാകരൻ, ഡോ.എസ്.ജയശ്രീ, പി.സി.രാജൻ , കൗൺസിലർ എൻ.സി. മോയിൻകുട്ടി എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ.ആർ.എസ് ഗോപകുമാർ നന്ദി പറഞ്ഞു.

ശുചിത്വ സർവെ സ്വച്ഛ് സർവ്വേക്ഷൺ 2021ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയ കോഴിക്കോട് കോർപ്പറേഷനെ ജില്ലാ ശുചിത്വ മിഷൻ അനുമോദിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഡോ.എസ്.ജയശ്രീ പുരസ്കാരം ഏറ്റുവാങ്ങി.

Advertisement
Advertisement