വിസ്മയയുടെ മരണം: ഫോൺ സന്ദേശങ്ങൾ കോർത്തിണക്കി തെളിവ് ഉറപ്പിക്കാൻ അന്വേഷണ സംഘം

Friday 25 June 2021 12:22 AM IST

കൊല്ലം: മെഡിക്കൽ വിദ്യാർത്ഥിനി നിലമേൽ സ്വദേശിനി വിസ്മയ ഭർത്തൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ത്രീധനപീഡനത്തിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം ശ്രമം ആരംഭിച്ചു.

വിസ്മയ ഉപയോഗിച്ചിരുന്ന ഫോണിന് പുറമേ കിരൺകുമാ‌ർ എറിഞ്ഞുതകർത്ത ഫോണും കണ്ടെടുത്ത് സന്ദേശങ്ങൾ കോർത്തിണക്കും. മൊബൈൽ ഫോൺ സന്ദേശങ്ങൾ ശാസ്ത്രീയ തെളിവാക്കി വിസ്മയ നേരിട്ട പീഡനത്തിന്റെ ആഴം കുറ്റപത്രത്തിൽ കൊണ്ടുവരികയാണ് ലക്ഷ്യം.

ഇതിനൊപ്പം കിരൺകുമാറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിസ്മയയ്ക്ക് സ്ത്രീധനമായി നൽകിയ 80 പവൻ സൂക്ഷിക്കാൻ പോരുവഴിയിലുള്ള ബാങ്ക് ശാഖയിൽ തുറന്ന ലോക്കർ സീൽ ചെയ്തു. ലോക്കറിലുള്ള സ്വർണാഭരണങ്ങളും സ്ത്രീധനമായി നൽകിയ കാറും കേസിലെ തൊണ്ടിമുതലാക്കാനും ആലോചനയുണ്ട്.

കേസ് അന്വേഷിക്കുന്ന ശാസ്താംകോട്ട ഡിവൈ.എസ്.പി ഇന്നലെ വിസ്മയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മൊഴിയെടുത്തു. കൊലപാതകത്തിന്റേതായ സൂചനകളൊന്നും ഡോക്ടറുടെ മൊഴിയിൽ ഇല്ലെന്നാണ് സൂചന. ഇന്ന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കും. ഇതിന് ശേഷം മറ്റ് ക്ലിനിക്കൽ പരിശോധനകളുടെ ഫലം കൂടി ലഭിച്ച ശേഷമേ കൊലപാതകമല്ലെന്ന് പൂർണമായും സ്ഥിരീകരിക്കൂ. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് വിസ്മയയെ ഭർത്തൃഗൃഹത്തിലെ ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement
Advertisement