കെ.പി.സി.സി പുന:സംഘടന: എം.പിമാരും എം.എൽ.എമാരും ഒഴിവായേക്കും

Friday 25 June 2021 12:00 AM IST

തിരുവനന്തപുരം: കെ.പി.സി.സി, ഡി.സി.സി ഭാരവാഹിത്വത്തിലേക്ക് എം.പിമാരെയും എം.എൽ.എമാരെയും ഒഴിവാക്കിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജിതരായവരിൽ അനിവാര്യരെ മാത്രം പരിഗണിക്കാനുള്ള ധാരണയാണ് കഴിഞ്ഞ ദിവസത്തെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിലും മുതിർന്ന നേതാക്കളുടെ കൂടിയാലോചനയിലും ഉരുത്തിരിഞ്ഞത്. 14 ഡി.സി.സികളിലും പുതിയ അദ്ധ്യക്ഷന്മാരെ നിയമിക്കും.

ജംബോകമ്മിറ്റികൾ ഒഴിവാക്കുമ്പോൾ പാർട്ടിക്കായി മുഴുവൻസമയം ചെലവഴിക്കാനുതകുന്നവരെ ഭാരവാഹികളാക്കും. എം.പിമാരെയും എം.എൽ.എമാരെയും നിയോഗിച്ചാൽ അതിന് സാധിക്കില്ല. അർഹരായ പലർക്കും അവസരം നഷ്ടമാകുകയും ചെയ്യും. ജംബോകമ്മിറ്റികൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തെയും ബാധിക്കും.

ഡി.സി.സി അദ്ധ്യക്ഷസ്ഥാനത്ത് നിന്നൊഴിവാക്കപ്പെടുന്നവരിൽ ചിലർക്ക് കെ.പി.സി.സി ഭാരവാഹിത്വം ലഭിച്ചേക്കാം. ഭാരവാഹികളുടെ കരട് പട്ടിക തയാറാക്കുന്നത് കെ.പി.സി.സി നേതൃത്വമായിരിക്കും. നേതാക്കൾ കൂടിയാലോചിച്ച് അന്തിമപട്ടിക തയാറാക്കും.

പുതുതായി രൂപീകരിക്കുന്ന അയൽക്കൂട്ട സമിതികളിൽ പാർട്ടിയോട് കൂറുള്ളവരുടെ കുടുംബങ്ങളെ മാത്രം ഉൾപ്പെടുത്തും. പുന:സംഘടനയിൽ സ്ഥാനം നഷ്ടപ്പെടുന്നവരെ അസംതൃപ്തരുടെ പട്ടികയിലേക്ക് തള്ളിവിടാതെ വിവിധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തും.

നേതാക്കൾക്കും പ്രവർത്തകർക്കും പെരുമാറ്റച്ചട്ടം ഏർപ്പെടുത്തും. വേദികളിലെ അനാവശ്യ ഇടിച്ചുകയറ്റമടക്കം നിയന്ത്രിക്കാനുള്ള നിർദ്ദേശമുണ്ടാകും. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് രീതിക്ക് മാറ്റം വരുത്തണമെന്ന ആവശ്യം ഹൈക്കമാൻഡിനെ അറിയിക്കും. അടുത്തയാഴ്ച ഡൽഹിയിലെത്തുന്ന കെ.പി.സി.സി അദ്ധ്യക്ഷൻ ഇക്കാര്യം രേഖാമൂലം ഹൈക്കമാൻഡിനോട് ആവശ്യപ്പെടും.

Advertisement
Advertisement