കിരീടമില്ലാത്ത രാജാക്കന്മാർ

Thursday 24 June 2021 11:03 PM IST

മഹേന്ദ്ര സിംഗ് ധോണി ക്യാപ്ടൻ സ്ഥാനമൊഴിഞ്ഞ ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഐ.സി.സി കിരീട വരൾച്ചയ്ക്ക് അറുതിയാവുന്നില്ല. വിരാട് കൊഹ്‌ലിക്കു കീഴിൽ മൂന്ന് ഫോർമാറ്റിലും മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യയ്ക്ക് പക്ഷേ കഴിഞ്ഞ എട്ടു വർഷമായി ഒരു ഐ.സി.സി ടൂർണമെന്റിലും ജേതാക്കളാകാൻ കഴിഞ്ഞിട്ടില്ല.

2013-ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെ തകർത്ത് കിരീടമുയർത്തിയതാണ് ഇന്ത്യയുടെ അവസാന ഐ.സി.സി ട്രോഫി വിജയം. പിന്നീട് അഞ്ച് ഐ.സി.സി ടൂർണമെന്റുകള്‍ പിന്നിട്ടെങ്കിലും മൂന്ന് തവണ സെമിയിലും രണ്ടു തവണ ഫൈനലിലും കാലിടറി. ഇപ്പോഴിതാലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും തോറ്റിരിക്കുന്നു.

ഇന്ത്യ വീണുപോയ വേദികൾ

2014 ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ ധോണി നയിച്ച ഇന്ത്യ ശ്രീലങ്കയോട് നാലു വിക്കറ്റിന് തോറ്റു

2015 ഏകദിന ലോകകപ്പ് സെമിയിൽ ആതിഥേയരായ ആസ്ട്രേലിയയോടായിരുന്നു തോൽവി

2016 ട്വന്റി 20 ലോകകപ്പ് സെമിയിൽ വെസ്റ്റിൻഡീസിനെതിരെ തോൽവി വഴങ്ങി.

2017 ചാമ്പ്യന്‍സ് ട്രോഫിയിൽ വിരാടിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ഫൈനലിൽ പാകിസ്ഥാനോട് തോറ്റു.

2019 ഏകദിന ലോകകപ്പിൽ മഴ കാരണം റിസർവ് ഡേയിലേക്ക് നീണ്ട സെമിയിൽ കിവീസിനോട് തോൽവി.