മലയാളി സ്റ്റാർട്ടപ്പിനെതിരെ കോപ്പിയടി ആരോപണം

Friday 25 June 2021 12:06 AM IST

കൊച്ചി: ആലപ്പുഴ ആസ്ഥാനമായ മലയാളികളുടെ സ്റ്റാർട്ടപ്പ് സംരംഭം തങ്ങളുടെ ഉത്പന്നം കോപ്പിയടിച്ച് വിൽക്കുന്നതായി ബംഗളൂരുവിലെ ഐ.ടി. കമ്പനി. വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്നതാണ് ഉത്പന്നമെന്നാരോപിച്ച് ഐ.ടി കമ്പനി അഭിഭാഷകർ മുഖേന നോട്ടീസയച്ചു. കൊവിഡ് വൈറസിനെ നശിപ്പിക്കാൻ ശേഷിയുണ്ടെന്ന് അവകാശപ്പെട്ട് ആലപ്പുഴ തിരുമലയിലെ ഓളെബൗട്ട് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയ വുൾഫ് എയർമാസ്‌ക് എന്ന ഉപകരണത്തിനെതിരെയാണ് ആരോപണം. ബംഗളൂരു വിർഗോനഗറിൽ പ്രവർത്തിക്കുന്ന സ്‌കെയിൽനേ സൈബർമെറ്റിക്‌സാണ് ആരോപണം ഉന്നയിച്ചത്. മുറിക്കുള്ളിൽ സ്ഥാപിക്കുന്ന ഉപകരണമാണ് വുൾഫ് എയർമാസ്‌ക്. കൊവിഡ് ഉൾപ്പെടെ 95 ശതമാനം വൈറസുകളെയും ഫംഗസുകളെയും എയർമാസ്‌ക് നശിപ്പിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെട്ടത്. ഇന്ത്യയിലും വിദേശത്തും ഉപകരണം വിപണിയിലിറക്കുകയും ചെയ്തിരുന്നു. ഷൈക്കോകൻ എന്നപേരിലുള്ള തങ്ങളുടെ ഉപകരണം പകർത്തി വ്യാജമായുണ്ടാക്കിയെന്നാണ് ആരോപണം.