നിയമസഭയിൽ കേൾക്കേണ്ടത് ജനങ്ങളുടെ ആഗ്രഹങ്ങൾ: മുഖ്യമന്ത്രി

Friday 25 June 2021 12:07 AM IST

തിരുവനന്തപുരം: ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനുള്ള സമരവേദിയാകണം നിയമസഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുടെ ആഗ്രഹങ്ങളാകണം സഭയിൽ പ്രതിഫലിപ്പിക്കേണ്ടത്. സാമാജികർ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരാണെങ്കിലും നിയമസഭാ ചട്ടങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. കൃത്യമായ ഗൃഹപാഠത്തിന്റെ അടിസ്ഥാനത്തിൽ വിഷയവുമായി ബന്ധപ്പെട്ട ഓരോ വശവും പരിശോധിച്ചാകണം സംസാരിക്കേണ്ടത്. ഇതിനായി സമയം കണ്ടെത്തേണ്ടത് അംഗങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ നിയമസഭാ സാമാജികർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്പീക്കർ എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ,

മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, ഗവ.ചീഫ് വിപ്പ് എൻ. ജയരാജ്, ഡോ. എം.കെ. മുനീർ എം.എൽ.എ എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതവും നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.