ക്ഷേത്രങ്ങൾ തുറന്നു, അകലം പാലിച്ച് ഭക്തർ

Friday 25 June 2021 12:24 AM IST
മലയാലപ്പുഴ ക്ഷേത്രത്തി​ൽ ദർശനത്തി​ന് എത്തി​യ അമ്മയും മകളും

പത്തനംതിട്ട : ലോക്ക് ഡൗണിന്‌ ശേഷം ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതോടെ പുലർച്ചെ തന്നെ ഭക്തർ ക്ഷേത്രങ്ങളിലെത്തി. പുലർച്ചെ അഞ്ചിനും രാത്രി എട്ടിനുമിടയിൽ നിയന്ത്രണങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.

പുലർച്ചെ അഞ്ചിന് തുറന്ന് ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് അഞ്ചിന് തുറന്ന് രാത്രി എട്ടിന് അടക്കും വിധമാണ് ക്ഷേത്രങ്ങളിലെ പുതുക്കിയ സമയക്രമം. ഭക്തർ കൂടുതൽ എത്തിയാൽ സാമൂഹിക അകലം പാലിച്ച് പുറത്ത് ക്യൂ നിൽക്കുന്നതിനും സൗകര്യം ഏർപ്പെടുത്തി. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ ആറന്മുള പാർത്ഥസാരഥിക്ഷേത്രത്തിലും മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലും കർശന നിയന്തണത്തിലാണ് ഭക്തർക്ക് പ്രവേശനം നൽകിയത്. ആറൻമുളയിൽ നാലമ്പലത്തിലേക്ക് ഒരേ സമയം 15പേർക്ക് വീതമായിരുന്നു പ്രവേശനം. കൂടുതലായി എത്തുന്നവർക്ക് പുറത്ത് കാത്തിരിക്കുന്നതിന് ഉപദേശക സമതി ക്രമീകരണങ്ങൾ നടത്തി. കൊവിഡ് നിയമങ്ങൾ പാലിച്ച് വിവാഹങ്ങളും നടന്നു.

മലയാലപ്പുഴയിലും ഭക്തർ നിയന്ത്രണം പാലിച്ച് ദർശനം നടത്തി. പേരും ഫോൺ നമ്പരും രജിസ്റ്ററിൽ എഴുതിയ ശേഷമാണ് ഭക്തർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്.

വെള്ളിയാഴ്ച ദിവസമായ ഇന്ന് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ വിശ്വാസികൾക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement