'ഇപ്പോൾ വേണമെങ്കിലും ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ഞാൻ തയ്യാറാണ്': ആക്രമണത്തിൽ പരിക്കേറ്റ സിപിഒ അജീഷ് പോൾ ആശുപത്രിവിട്ടു

Friday 25 June 2021 12:31 AM IST

കൊച്ചി: മാസ്ക്ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് തലക്ക് കല്ലുകൊണ്ടു ഇടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അജീഷ് പോൾ ആശുപത്രി വിട്ടു. ആലുവ രാജഗിരി ആശുപത്രിയിലെത്തിക്കുന്പോൾ സംസാരശേഷിയും വലതു കയ്യുടെയും കാലിൻറെയും ചലന ശേഷിയും നഷ്ടപ്പെട്ട നിലയിലായിരുന്നു. തുടർന്ന് ന്യൂറോസർജറി വിഭാഗം തലവൻ ഡോ. ജഗത് ലാൽ ഗംഗാധരൻറെ നേതൃത്വത്തിൽ ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി.

ശസ്ത്രക്രിയയ്ക്ക് ശേഷം അജീഷ് പോളിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ആക്രമണത്തെ തുടർന്ന് അജീഷിന്റെ തലയോട്ടി തകർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. തലച്ചോറിന്റെ ഇടതുവശത്തേറ്റ പരുക്കാണ് സംസാരശേഷിക്ക് തകരാറുണ്ടാക്കിയത്. ആറു ദിവസം വെൻറിലേറ്ററിൽ കഴിയേണ്ടി വന്നു. തുടർന്ന് നടത്തിയ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ചികിത്സകളുടെ ഫലമായി സംസാരശേഷിയും കൈകാലുകളുടെ ചലന ശേഷിയും ഒരു പരിധി വരെ തിരിച്ചു കിട്ടി.

തലച്ചോറിലെ ലാംഗ്വേജ്സെന്ററിനുണ്ടായ തകരാറ് മൂലം ഓർമ്മയിലുള്ള പല കാര്യങ്ങളും ആശയവിനിമയം നടത്താൻ സാധിക്കാത്ത നിലയിലായിരുന്നു അജീഷ് പോൾ. ആറ് മാസം കൂടിയെങ്കിലും ഇദ്ദേഹത്തിന് സ്പീച്ച് തെറാപ്പി ആവശ്യമായി വരും.

മറയൂർ സ്റ്റേഷനിലെ പൊലീസുകാരനായ അജീഷ് പോളിന് ജൂൺ ഒന്നിനാണ് ഡ്യൂട്ടിക്കിടെ കല്ലു കൊണ്ടുള്ള ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരുക്കേറ്റത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് കോവിൽക്കടവ് സ്വദേശി സുലൈമാൻ എസ്എച്ച്ഒ രതീഷ് ജിഎസിനെയും അജീഷിനെയും മർദ്ദിച്ചത്.