അജീഷ് ആശുപത്രി വിട്ടു; ഓർമ്മകളുടെ ലോകം ഇനിയുമകലെ

Friday 25 June 2021 2:33 AM IST
ചികിത്സയ്ക്ക് ശേഷം ആശുപത്രി വിടാനൊരുങ്ങുന്ന മറയൂർ സ്റ്റേഷനിലെ സി.പി.ഒ അജീഷ് പോളിനൊപ്പം മന്ത്രി പി. രാജീവ്, രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, ഫാ. ജോയ് കിളിക്കുന്നേൽ, സംസ്ഥാന പൊലീസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ.

ആലുവ: ലഹരിക്കച്ചവടക്കാരന്റെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മറയൂ‌ർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അജീഷ് പോൾ 24 ദിവസത്തെ ചികിത്സയ്ക്കു ശേഷം ഇന്നലെ ആശുപത്രി വിട്ടു. എന്നാൽ പൂർണ ആരോഗ്യവാനായി ഓർമ്മകളുടെ ലോകത്തേക്കെത്താൻ അജീഷിന് ഇനിയും കാത്തിരിക്കണം. സംസാരശേഷിയും ചലനശേഷിയും മെച്ചപ്പെട്ടു. ഇനി വീട്ടിൽ ചികിത്സ തുടരണം.

കരിങ്കല്ല് കൊണ്ടുള്ള അടിയേറ്റ് തലയോട്ടി പൊട്ടിയ അജീഷിനെ ജൂൺ ഒന്നിനാണ് അബോധാവസ്ഥയിൽ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലെത്തിച്ചത്. മാസ്‌ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് കോവിൽക്കടവ് സ്വദേശി സുലൈമാനാണ് ആക്രമിച്ചത്. തുടർന്ന് സംസാരശേഷിയും ശരീരത്തിന്റെ വലതുവശത്തെ കൈകാലുകളുടെചലന ശേഷിയും പൂർണമായും നഷ്ടപ്പെട്ടിരുന്നു. ഇത് സാധാരണനിലയിലാകാൻ ഇനിയും സമയമെടുക്കും. ആറ് മാസം സ്പീച്ച് തെറാപ്പിയും ആവശ്യമാണ്. അജീഷിനെ യാത്രഅയയ്ക്കാൻ മന്ത്രി പി. രാജീവ് എത്തിയിരുന്നു.