ജോസഫൈനെതിരെ കടുത്ത നടപടിയുണ്ടാകില്ല; വിവാദം കൂടുതൽ ചർച്ചയാക്കേണ്ടെന്ന് സി പി എം നേതാക്കൾ

Friday 25 June 2021 6:38 AM IST

തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്‍റെ വിവാദ പരാമര്‍ശം ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. വിവാദമുണ്ടാകാനിടയായ സാഹചര്യം ജോസഫൈന്‍ സെക്രട്ടറിയേറ്റില്‍ വിശദീകരിക്കുമെന്നാണ് വിവരം. വിവാദത്തിൽ സി പി എം നേതൃത്വം കടുത്ത അതൃപ്‌തിയിലാണ്.

ഇടത് ക്യാമ്പിൽ നിന്നുവരെ വൈകാരിക പ്രകടനമുണ്ടായ വിഷയത്തില്‍ ജോസഫൈനെതിരെ നടപടി വേണമെന്നാണ് ചില സി പി എം നേതാക്കളുടെയടക്കം ആവശ്യം. തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ അദ്ധ്യക്ഷ പങ്കെടുത്തതിലും പാർട്ടിക്കുളളിൽ എതിരഭിപ്രായമുണ്ട്. ജോസഫൈന് പറയാനുള്ളത് കേള്‍ക്കട്ടെ, അതിനുശേഷമാകാം പാര്‍ട്ടി നിലപാട് പരസ്യമാക്കുന്നത് എന്നാണ് നേതാക്കള്‍ ഇന്നലെ പറഞ്ഞത്.

ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സംഭവം കൂടുതൽ ചർച്ചയാക്കേണ്ടയെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. മുതിര്‍ന്ന വനിതാ നേതാവ് കൂടിയായ ജോസഫൈന്‍ വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് നിരന്തരമായി നടത്തുന്ന പല പരാമർശങ്ങളും മുന്നണിക്കാകെ തലവേദനയാകുന്നുവെന്നാണ് ഘടകക്ഷി നേതാക്കളും പറയുന്നത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കുന്ന പുരോഗമന നിലപാടുകളെ ചോദ്യം ചെയ്യുന്നതിന് അവസരമുണ്ടാക്കുന്ന പ്രതികരണങ്ങള്‍ മുമ്പും ജോസഫൈന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

വനിതാകമ്മിഷന്‍ അദ്ധ്യക്ഷയുടെ കാലാവധി അവസാനിക്കാറായതിനാലും അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ളതിനാലും കടുത്ത തീരുമാനങ്ങളിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും പോവില്ലെന്നാണ് വിവരം. എന്നാല്‍ വനിതാകമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് രണ്ടാമൂഴം എം സി ജോസഫൈന് ലഭിക്കാന്‍ ഇനി സാദ്ധ്യതയില്ലെന്ന് നേതാക്കൾ സൂചന നൽകുന്നു.